നികുതി വർധനക്കെതിരെ കെനിയയിൽ പ്രക്ഷോഭം; ഒബാമയുടെ അർധ സഹോദരിക്ക് നേരെ പൊലീസ് നടപടി, വെടിവെപ്പിൽ അഞ്ച് മരണം
text_fieldsനെയ്റോബി: നികുതി വർധനക്കുള്ള വിവാദ ധന ബില്ലിനെതിരെ കെനിയൻ പാർലമെന്‍റിലേക്ക് ബഹുജന പ്രക്ഷോഭം. പാർലമെന്‍റിലേക്ക് നടന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകരും പൊലീസും തമ്മിൽ എറ്റുമുട്ടി. പ്രക്ഷോഭകർക്ക് നേരെ പൊലീസ് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. 12ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നികുതി വർധനക്കുള്ള ബിൽ പാസാക്കുന്നതിനിടെയാണ് പാർലമെന്‍റിന് പുറത്ത് യുവജനങ്ങൾ പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത മുൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ അർധ സഹോദരി ഔമ ഒബാമക്ക് നേരെയും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജനവിരുദ്ധ ബില്ലിനെതിരെ സി.എൻ.എൻ ചാനലിനോട് പ്രതികരിക്കവെയാണ് കെനിയൻ-ബ്രിട്ടീഷ് ആക്ടിവിസ്റ്റായ ഔമ ഒബാമ പൊലീസ് നടപടിക്ക് ഇരയായത്.
കെനിയയിലെ യുവത അവരുടെ അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുകയാണെന്നും കൊടികളും ബാനറുകളും ഉയർത്തിയാണ് അവർ പ്രതിഷേധിക്കുന്നതെന്നും ഔമ ഒബാമ സി.എൻ.എനിനോട് പറഞ്ഞു. 'കെനിയയിൽ കോളനിവാഴ്ച അവസാനിച്ചിട്ടില്ല', 'ഇത് നമ്മുടെ രാജ്യം' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയിട്ടുണ്ട്.
പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചതോടെ പാർലമെന്‍റ് അംഗങ്ങളെ രഹസ്യ വഴികളിലൂടെ രക്ഷപ്പെടുത്തി. ബംഗ് ടവേഴ്‌സിന് സമീപത്തുള്ള സർക്കാർ കെട്ടിടത്തിലേക്ക് അംഗങ്ങളെ മാറ്റിയത്.
നികുതി വർധനക്കെതിരെ '7 ഡേയ്സ് ഓഫ് റേജ്' എന്ന ബാനറിന് കീഴിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം ശക്തിപ്പെടുന്നതോടെ രാജ്യം സമ്പൂർണ സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

