ബംഗ്ലാദേശിൽ ശൈഖ് ഹസീനയായി വേഷമിട്ട നടി ജയിലിൽ
text_fieldsധാക്ക: വധശ്രമക്കേസിൽ അറസ്റ്റിലായ ബംഗ്ലാദേശി നടി നുസ്റത്ത് ഫരിയയെ ധാക്ക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ബയോപിക്കിൽ വേഷമിട്ടത് നുസ്റത്ത് ആയിരുന്നു.
കനത്ത സുരക്ഷയിലാണ് നടിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയത്. നുസ്റത്തിന്റെ അഭിഭാഷകൻ ജാമ്യത്തിനായി സമീപിച്ചിരുന്നുവെങ്കിലും കോടതി ജാമ്യഹരജി പരിഗണിക്കുന്നത് മേയ് 22ലേക്ക് മാറ്റി.
ഞായറാഴ്ച ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചണ് നടിയെ അറസ്റ്റ് ചെയ്തത്. തായ്‍ലൻഡിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 31 കാരിയായ നടി നിലവില്‍ ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ വർഷം ശൈഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച ജനകീയ പ്രതിഷേധവുമായി ബന്ധമുള്ള കേസാണിത്. 'മുജീബ് ദ മേക്കിങ് ഓഫ് എ നാഷൻ' എന്ന സിനിമയിലാണ് നുസ്റത്ത് ഹസീനയുടെ വേഷമിട്ടത്. അന്തരിച്ച ശ്യാം ബെനഗൽ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായാണ് സിനിമ നിർമിച്ചത്.
ശൈഖ് ഹസീന സർക്കാറിനെ പിന്തുണച്ചിരുന്ന കലാകാരൻമാരെയും മാധ്യമപ്രവർത്തകരെയും ഉന്നത വിദ്യാഭ്യാസ വിദഗ്ധരെയും ലക്ഷ്യം വെക്കുകയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ എന്ന് ആരോപണം ഉയരവെയാണ് കൊലപാതകക്കേസിൽ നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസംവരെ ഹസീന സർക്കാറിനെ പിന്തുണച്ച 137 മാധ്യമപ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.
റേഡിയോ ജോക്കിയായാണ് നുസ്റത്ത് കരിയർ തുടങ്ങിയത്. പിന്നീട് നിരവധി ബംഗാളി സിനിമകളിൽ അഭിനയിച്ചു. മോഡലിങ്ങിലും ശ്രദ്ധേയയായിരുന്നു. ടെലിവിഷന്‍ അവതാരകയായും തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

