സാകിർ നായിക്കിന് ബംഗ്ലാദേശ് സ്വീകരണമൊരുക്കുന്നു
text_fieldsസാകിർ നായിക്
ധാക്ക: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മതപ്രഭാഷകൻ സാകിർ നായിക്കിന് സ്വീകരണമൊരുക്കാൻ ബംഗ്ലാദേശ് തയാറെടുക്കുന്നു. നേരത്തെ ആ രാജ്യത്ത് പ്രവേശനം വിലക്കിയ സാകിർ നായിക്കിനെ, ഒരുമാസം നീളുന്ന പ്രഭാഷണ പരമ്പരക്കായാണ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ ക്ഷണിച്ചത്. ആദ്യമായി ബംഗ്ലാദേശിലെത്തുന്ന നായിക്കിന്‍റെ പര്യടനം നവംബർ 28 മുതൽ ഡിസംബർ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
2016ൽ ധാക്കയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ അന്നത്തെ ശെയ്ഖ് ഹസീന സർക്കാറാണ് സാകിർ നായിക്കിനും അദ്ദേഹത്തിന്‍റെ പീസ് ടി.വിക്കും വിലക്കേർപ്പെടുത്തിയത്. നായിക്കിന്‍റെ യൂട്യൂബ് ചാനലിലെ പ്രഭാഷണത്തിന്‍റെ സ്വാധീനത്തിലാണ് ആക്രമണം നടത്തിയതെന്ന് പിടിയിലായ അക്രമികളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെ നിയന്ത്രണം കർശനമാക്കിയ മുൻസർക്കാറിന്‍റെ നയത്തിന് വിരുദ്ധമായ നിലപാടാണ് മുഹമ്മദ് യൂനുസ് മന്ത്രിസഭ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നായിക്കിന് പാകിസ്താനിൽ വലിയ സ്വീകരണം നൽകിയിരുന്നു, പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിലും പ്രധാന നഗരങ്ങളായ കറാച്ചിയിലും ലാഹോറിലും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായും നായിക് കൂടിക്കാഴ്ച നടത്തി. 1992നു ശേഷം ആദ്യമായാണ് സാകിർ നായിക് പാകിസ്താൻ സന്ദർശിച്ചത്. പാകിസ്താന്‍റെ നീക്കം നിരാശാജനകവും വിമർശനപരവുമായ തീരുമാനമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. എന്നാൽ സന്ദർശനം ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗത്തിന്‍റെ പേരിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് നായിക്കിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2012ലെ ഗണപതി ഉത്സവത്തിനിടെ നടത്തിയ വിവാദ പ്രസംഗങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി കേസുണ്ട്. 2016ൽ രാജ്യംവിട്ട നായിക് മലേഷ്യയിൽ സ്ഥിരതാമസമാക്കി. വിവാദ പരാമർശങ്ങളെ തുടർന്ന് സാകിർ നായിക്കിന്‍റെ പീസ് ടി.വി, ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലും നിരോധിച്ചു. കൂടാതെ കാനഡയിലും യു.കെയിലും അദ്ദേഹത്തിന് പ്രവേശന വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

