ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു; പ്രധാനമന്ത്രിയുടെ ഉപദേശകനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു, പ്രതിഷേധവുമായി ധാക്ക
text_fieldsസഹീദ് ഉർ റഹ്മാൻ
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാക്കിക്കൊണ്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നയതന്ത്ര ഉപദേശകൻ സഹീദ് ഉർ റഹ്മാനെ ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. മുൻകാലങ്ങളിൽ ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ 'പരിശോധനകൾക്കായി' രണ്ടര മണിക്കൂറോളം പൊതുസ്ഥലത്ത് ഇരുത്തിയതിൽ പ്രതിഷേധിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് പ്രവേശിക്കാതെ കൊളംബോ വഴി ധാക്കയിലേക്ക് തന്നെ മടങ്ങി.
സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ച ബംഗ്ലാദേശ് സർക്കാർ ധാക്കയിലെ ഇന്ത്യൻ ചീഫ് ഡി അഫയേഴ്സ് പവൻ ബാധെയെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാനുള്ള ബംഗ്ലാദേശ് പ്രതിനിധി സംഘത്തെ നയിക്കാനാണ് സഹീദ് ഉർ റഹ്മാൻ ഞായറാഴ്ച വൈകിട്ട് ഡൽഹിയിലെത്തിയത്. സാർക് വിസയുള്ള സാധാരണ ബംഗ്ലാദേശ് പാസ്‌പോർട്ടായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ തന്റെ യൂട്യൂബ് ചാനൽ വഴി ഇന്ത്യക്കെതിരെ നിരന്തരം നടത്തിയ പരാമർശങ്ങൾ കാരണം അദ്ദേഹത്തെ ഇന്ത്യ നേരത്തെ തന്നെ ഇമിഗ്രേഷൻ 'വാച്ച് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചതും, ബംഗ്ലാദേശിലെ അദാനി ഗ്രൂപ്പിന്റെ പദ്ധതികളിൽ നിന്നുള്ള ലാഭം ബി.ജെ.പിയിലേക്കും ആർ.എസ്.എസിലേക്കുമാണ് പോകുന്നതെന്ന പരാമർശവും, ഇന്ത്യ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നതുമുൾപ്പെടെയുള്ള സഹീദിന്റെ മുൻ പ്രസ്താവനകളാണ് ഇമിഗ്രേഷൻ വിഭാഗം പരിശോധിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി നൽകിയെങ്കിലും അപമാനിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് അദ്ദേഹം ധാക്കയിലേക്ക് തന്നെ തിരിക്കുകയായിരുന്നു.
സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലൂർ റഹ്മാൻ വിശേഷിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ഒരിക്കലും സ്വാഗതാർഹമല്ലെന്നും വിദേശകാര്യ മന്ത്രാലയം വിഷയം ഗൗരവമായി നിരീക്ഷിക്കുകയാണെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ശാമ ഒബൈദ് ഇസ്‌ലാം വ്യക്തമാക്കി. പൂർണമായ വിവരങ്ങൾ ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സഹീദിനെ സ്വീകരിക്കാനായി ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ എം. റിയാസ് ഹമീദുള്ള വിമാനത്താവളത്തിൽ എത്തിയിരുന്നു. അതേസമയം, ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.
ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാർ അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള ബന്ധം പ്രായോഗികമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും, ഇരുരാജ്യങ്ങൾക്കുമിടയിലെ അവിശ്വാസം ഇനിയും മാറിയിട്ടില്ല. അടുത്തിടെ ബംഗ്ലാദേശ് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതും, ചൈനയോട് കൂടുതൽ അടുക്കുന്നതും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇതിനിടെയുണ്ടായ പുതിയ വിവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

