ചൈനീസ് നിർമിത യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ബംഗ്ലാദേശ്; നീക്കം ഇന്ത്യ-പാക് സംഘർഷത്തിലെ പ്രകടനത്തിന് പിന്നാലെ
text_fieldsധാക്ക: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിനിടയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചൈനീസ് നിർമിത ജെ-10സി.ഇ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കവുമായി ബംഗ്ലാദേശ്. യുദ്ധരംഗത്ത് ഈ വിമാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രതിരോധ കരാറിനായുള്ള കരട് തയാറാക്കിയതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്മാൻ അറിയിച്ചു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിനിടയിൽ, പാകിസ്താൻ വ്യോമസേന ഉപയോഗിച്ച ചൈനീസ് ജെ-10 വിമാനങ്ങൾ ഇന്ത്യയുടെ പ്രശസ്തമായ റഫാൽ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടതായി ധാക്ക അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ വാദങ്ങൾ ഇന്ത്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളിലൊന്നായ റഫാലിനെതിരെ ചൈനീസ് നിർമ്മിത വിമാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കുന്നത്. റഫാലിനെയും യൂറോഫൈറ്റർ ടൈഫൂണിനെയും അപേക്ഷിച്ച് ജെ-10സി.ഇ വിമാനങ്ങൾക്ക് ചെലവ് കുറവാണെന്നതും ബംഗ്ലാദേശിന് അനുകൂല ഘടകമാണ്.
നിലവിൽ ചൈനക്ക് പുറമെ പാകിസ്താൻ മാത്രമാണ് ഈ ജെ-10 വിമാനങ്ങൾ ഉപയോഗിക്കുന്ന ഏക വിദേശ രാജ്യം. ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി താരീഖ് റഹ്മാൻ അധികാരമേറ്റതിനു ശേഷം ബെയ്ജിങ്ങുമായി ശക്തമായ പ്രതിരോധ ബന്ധമാണ് തുടരുന്നത്. ഈ യുദ്ധവിമാനങ്ങളുടെ വാങ്ങൽ യാഥാർത്ഥ്യമായാൽ അത് സമീപകാലത്ത് ബംഗ്ലാദേശ് നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായി മാറും.
മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനടയിലാണ് ഈ പ്രതിരോധ നീക്കം. ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഈ വിഷയത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ബംഗ്ലാദേശ് ചൈനയുമായുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

