‘ഇസ്ലാമിക് നാറ്റോ’യുടെ ഭാഗമാകാൻ ബംഗ്ലാദേശും? പ്രധാനമന്ത്രി താരിഖ് റഹ്മാൻ സൗദിയിലേക്ക്
text_fieldsമക്ക കരാറിൽ ഒപ്പുവെച്ചതിന് ശേഷം തുർക്കി പ്രസിഡന്റ് ഉർദുഗാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവർ ഒരുമിച്ചു നിൽക്കുന്നു
ധാക്ക: ഇസ്‍ലാമിക് നാറ്റോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാനൊരുങ്ങി ബംഗ്ലാദേശ്. സൗദി അറേബ്യ, പാകിസ്താൻ, തുർക്കിയ എന്നിവ ഉൾപ്പെടുന്ന മക്ക സംയുക്ത പ്രതിരോധ കരാറിൽ ചേരുന്ന കാര്യം ബംഗ്ലാദേശ് അനുകൂലമായി പരിഗണിക്കുന്നുണ്ടെന്ന് രണ്ട് സഹ മന്ത്രിമാർ വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്ന് മന്ത്രിമാർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിന്റെ പുതിയ വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാർ ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയമാണ് പിന്തുടരുന്നതെന്നും, ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സന്തുലിതമായ വിദേശനയമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ഈ നയത്തിന്റെ ഭാഗമായി ധാക്ക പ്രതിരോധ കരാറിന്റെ ഭാഗമായേക്കാം.
‘സൗദി അറേബ്യ, പാകിസ്താൻ, തുർക്കിയ എന്നിവയുൾപ്പെടുന്ന സാമ്പത്തിക അല്ലെങ്കിൽ പ്രതിരോധ കൂട്ടായ്മകളിൽ ചേരുന്ന കാര്യത്തിൽ ബംഗ്ലാദേശ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം താൽപര്യങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുത്തായിരിക്കും ഈ തീരുമാനം,’ ഹുമയൂൺ കബീർ വ്യക്തമാക്കി. കൂടാതെ, വ്യാപാരത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും മുൻഗണന നൽകിക്കൊണ്ട് ഇസ്‍ലാമാബാദുമായി നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി താരിഖ് റഹ്മാൻ റിയാദ് സന്ദർശിക്കാൻ സാധ്യതയുണ്ട്. വേനലവധിക്ക് ശേഷം ഈ സന്ദർശനത്തിന്റെ അന്തിമ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മറ്റൊരു വിദേശകാര്യ സഹമന്ത്രിയായ ശാമ ഉബൈദ് ഇസ്‌ലാമും കരാറിനെക്കുറിച്ച് സമാനമായ പ്രതികരണവുമായി രംഗത്തെത്തി. ഏതെങ്കിലും കരാറുകളിലോ കൂട്ടായ്മകളിലോ ചേരണോ വേണ്ടയോ എന്നത് ബംഗ്ലാദേശിന്റെയും അവിടുത്തെ ജനങ്ങളുടെയും താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ധന-ആസൂത്രണ ഉപദേഷ്താവായ പ്രൊഫസർ റാഷിദുൽ മഹ്മൂദ് തിതുമിർ സർക്കാരിന്റെ ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയത്തെ രാജ്യത്തിന്റെ വിദേശനയത്തിലെ വലിയൊരു വഴിമാറ്റമായി വിശേഷിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സഹമന്ത്രിമാരുടെ ഈ പ്രസ്താവനകൾ പുറത്തുവന്നിരിക്കുന്നത്.
ആഗസ്റ്റ് 7-ന് സൗദിയിലെ മക്കയിൽ വെച്ചാണ് ഈ സുപ്രധാന കരാർ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധം ലക്ഷ്യമിട്ടുള്ള ഈ കരാർ പ്രകാരം, ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുനേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരെയുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്ന ഈ സൈനിക കൂട്ടായ്മയെ പലരും ‘ഇസ്ലാമിക് നാറ്റോ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

