ശൈഖ് ഹസീനയുടെ ഔദ്യോഗിക വസതി മ്യൂസിയമാക്കി മാറ്റി ബംഗ്ലാദേശ് സർക്കാർ
text_fieldsധാക്ക: അധികാരത്തിൽനിന്ന് ഭ്രഷ്ടാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഔദ്യോഗിക വസതിയായിരുന്ന ‘ഗണഭബൻ’ മ്യൂസിയമാക്കി മാറ്റി ബംഗ്ലാദേശ് സർക്കാർ. 2024ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലെ ഇരകളുടെ ഓർമയ്ക്കായുള്ള സ്മാരകമായാണ് ഇനി ഗണഭവൻ അറിയപ്പെടുക. ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്ത ആഗസ്റ്റ് അഞ്ചിന് 'ജൂലൈ ബഹുജന പ്രക്ഷോഭ ദിനം' ആയി ആചരിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഉദ്ഘാടനവും ചെയ്തു.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് പ്രക്ഷോഭകർക്കുനേരെ ആക്രമണം നടത്തിയവർക്കെതിരെ സുതാര്യവും നിഷ്പക്ഷവുമായ വിചാരണ ഉറപ്പാക്കുമെന്ന് മ്യൂസിയം ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പറഞ്ഞു. പ്രക്ഷോഭത്തിലും 2009 മുതലുള്ള അവാമി ലീഗ് ഭരണകാലത്തും കൊല്ലപ്പെട്ടവരുടെ പേരുകൾ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകി ആദരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം പ്രക്ഷോഭ സമയത്ത് 1,400ഓളം ആളുകളാണ് കൊല്ലപ്പെട്ടത്.
തൊഴിൽ സംവരണത്തിനെതിരെ ഉയർന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ബംഗ്ലാദേശ് വിട്ടത്. തുടർന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിക്കുകയും മുൻ ഭരണകക്ഷിയായ അവാമി ലീഗിനെ നിരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെയാണ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി സർക്കാർ അധികാരമേറ്റത്.
അതേസമയം, പ്രക്ഷോഭ ദിനാചരണത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽവെച്ച് ശൈഖ് ഹസീന നടത്തുന്ന വെർച്വൽ വാർത്താസമ്മേളത്തിനിടെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി. ഹസീനയുടെ ജന്മദേശമായ ഗോപാൽഗഞ്ചിൽ അതിർത്തി രക്ഷാസേനയെ വിന്യസിച്ചു. ട്രൈബ്യൂണലിന്റെ അന്തസ്സിനെയും പ്രതിച്ഛായയെയും ബാധിക്കുന്ന രീതിയിലുള്ള ഹസീനയുടെ പ്രസ്താവനകൾ പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

