ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ബംഗ്ലാദേശിൽ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രക്ഷോഭം
text_fieldsധാക്ക: കുറഞ്ഞ വേതനവും വർധിച്ചുവരുന്ന ജീവിതച്ചെലവും ചൂണ്ടിക്കാട്ടി ബംഗ്ലാദേശിൽ വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികൾ പ്രക്ഷോഭത്തിൽ. പ്രതിമാസ വേതനം നിലവിലെ 12,500 ടാക്കയിൽനിന്ന് (ഏകദേശം 9,500 രൂപ) 30,000 ടാക്കയായി (ഏകദേശം 22,850 രൂപ) ഉയർത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കിലും പ്രതിഷേധത്തിലും ഏർപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച പ്രതിഷേധം ഞായറാഴ്ചയും തുടർന്നു. പ്രതിഷേധത്തെ തുടർന്ന് 529 വസ്ത്രനിർമാണ ഫാക്ടറികളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും പത്തുലക്ഷത്തോളം തൊഴിലാളികളെ സമരം ബാധിച്ചതായും ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.
ബംഗ്ലാദേശിലെ ഏകദേശം 40 ലക്ഷം വസ്ത്രനിർമാണ തൊഴിലാളികളിൽ പകുതിയോളം സ്ത്രീകളാണ്. നിലവിൽ ലഭിക്കുന്ന കുറഞ്ഞ വേതനം ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും പര്യാപ്തമല്ലെന്നാണ് തൊഴിലാളികളുടെ പരാതി. പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും ജീവിതച്ചെലവ് ഉയർത്തിയതോടെ കുറഞ്ഞ വേതനത്തിൽ കുടുംബം പുലർത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതാണ് തൊഴിലാളികളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികൾക്ക് കംബോഡിയയിൽ പ്രതിമാസം 210 ഡോളറും വിയറ്റ്നാമിൽ 140 മുതൽ 210 ഡോളർ വരെയും മിനിമം വേതനം ലഭിക്കുന്നുണ്ട്. ചൈനയിലെ പ്രധാന നിർമാണകേന്ദ്രമായ ഗ്വാങ്‌ഡോങിൽ ഇത് 286 മുതൽ 378 ഡോളർ വരെയാണ്. എന്നാൽ ബംഗ്ലാദേശിൽ നിലവിലെ കുറഞ്ഞ വേതനം 12,500 ടാക്ക (ഏകദേശം 102 ഡോളർ) മാത്രമാണ്. ഇത് 30,000 ടാക്കയായി (ഏകദേശം 241 ഡോളർ) ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതിഷേധത്തിന്റെ ഭാഗമായി ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള അശുലിയ വ്യവസായമേഖലയിലെ ജംഗോറയിലും തൊഴിലാളികൾ തെരുവിലിറങ്ങി. ഞായറാഴ്ച നടന്ന പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിനിടെ തൊഴിലാളികൾ ഒരു പൊലീസ് വാഹനത്തിന് തീയിട്ടു.
ചൈനയ്ക്ക് പിന്നിൽ ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്. എച്ച് ആൻഡ് എം, സാറ, ലെവി സ്ട്രോസ്, വാൾമാർട്ട്, പ്രൈമാർക്ക് തുടങ്ങിയ ആഗോള ബ്രാൻഡുകൾക്കായി ഇവിടെ വസ്ത്രങ്ങൾ നിർമിക്കുന്നുണ്ട്. രാജ്യത്തിന്റെ ആകെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലേറെയും വസ്ത്രനിർമാണ മേഖലയിൽനിന്നാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഈ മേഖലയിൽനിന്നുള്ള കയറ്റുമതി വരുമാനം 39 ബില്യൺ ഡോളറായിരുന്നു. എന്നാൽ രാജ്യത്തിന്റെ കയറ്റുമതി മേഖലയിലെ പ്രധാന ശക്തിയായ വസ്ത്രനിർമാണ വ്യവസായത്തിൽ ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി.

