ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ
text_fieldsധാക്ക: ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് ഇടക്കാല സർക്കാറിന്റെ തലവനായ മുഹമ്മദ് യൂനുസ്. കഴിഞ്ഞ വർഷത്തെ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടന പരിഷ്‍കരിക്കുന്നതിനായി തയ്യാറാക്കിയ ‘ജൂലൈ ചാർട്ടറി’ൽ ദേശീയ ഹിതപരിശോധന നടത്തുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ‘ജൂലൈ നാഷനൽ ചാർട്ടർ’ നടപ്പാക്കൽ ഉത്തരവ് ഇടക്കാല സർക്കാർ അംഗീകരിച്ചിരുന്നു. ഹിതപരിശോധനാ ഫലത്തെ ആശ്രയിച്ച് അത് നടപ്പിലാക്കുമെന്ന് അദ്ദേഹം ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
‘ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിൽ എല്ലാ പൗരന്മാർക്കും വിജയകരമായി മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിൽ നീതിയുക്തവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർഥിക്കുന്നു’വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവും ആഘോഷപൂർണവുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ 85 കാരനായ യൂനുസ്, തെരഞ്ഞെടുപ്പ് വരെ താൽക്കാലിക സർക്കാറിനെ അതിന്റെ മുഖ്യ ഉപദേഷ്ടാവായി തുടരും. വോട്ടെടുപ്പിനു ശേഷം അദ്ദേഹം സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ‘ഈ പ്രസംഗം നിങ്ങൾക്ക് നൽകിയതിനുശേഷം ഞങ്ങൾ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടത്തിലേക്ക് കടക്കും. അതാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് അധികാര കൈമാറ്റമെന്നും’ അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, 170 ദശലക്ഷം ജനങ്ങളുള്ള മുസ്‍ലിം ഭൂരിപക്ഷ രാജ്യത്ത് ഇസ്‍ലാമിക പുണ്യമാസമായ റമദാനിന് മുമ്പ് അവ നേരത്തെ നടത്തണമെന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

