ബംഗ്ലാദേശിൽ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു
text_fieldsധാക്ക: ബംഗ്ലാദേശിലെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു. തലസ്ഥാന നഗരമായ ധാക്കയിലെ ഷോപ്പിങ് മാളിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. ധാക്ക ഡൗൺടൗൺ ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അഗ്നിരക്ഷാസേനയെത്തി വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തത്.
ഷോപ്പിങ് മാളിന്റെ ആദ്യനിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മാളിലേക്ക് മുഴുവൻ തീപടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഈ ഘട്ടത്തിൽ വ്യക്തമായിട്ടില്ല. 33 പേരുടെ മരണവിവരം ധാക്ക മെഡിക്കൽ കോളജിൽ വെച്ചും 10 പേരുടേത് ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചുമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 12ഓളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

