ബഹാമസിൽ ചരിത്രം കുറിച്ച് ഫിലിപ്പ് ഡേവിസ്; 30 വർഷത്തിനിടെ തുടർച്ചയായ രണ്ടാം വട്ടം അധികാരം നേടുന്ന ആദ്യ നേതാവ്
text_fieldsഫിലിപ്പ് ഡേവിസ്
നസ്സാവു: ബഹാമസിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് ലിബറൽ പാർട്ടിയും വൻ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലേറുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഇതോടെ ഡേവിസ് സ്വന്തമാക്കി.
‘‘ബഹാമിയൻ ജനത അവരുടെ വിധി പ്രസ്താവിച്ചിരിക്കുന്നു. വിനയത്തോടും നന്ദിയോടും കൂടി ഞാനിത് സ്വീകരിക്കുന്നു,’’ വിജയത്തിന് ശേഷം ഡേവിസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സുരക്ഷ ശക്തമാക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കുറക്കാനും ഈ വിജയം കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് അറ്റ്‌ലാൻറിക് ചുഴലിക്കാറ്റിന് മുമ്പായി പൂർത്തിയാക്കുന്നതിന് വേണ്ടി നേരത്തെയാക്കുകയായിരുന്നു. ബഹാമസ് പാർലമെന്റിലെ ആകെയുള്ള 41 സീറ്റുകളിൽ 30ലധികം സീറ്റുകളിലും പി.എൽ.പി ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. സ്വതന്ത്ര ഭരണഘടനാ കമ്മീഷന്റെ ശിപാർശപ്രകാരം പുതുതായി രൂപീകരിച്ച രണ്ട് മണ്ഡലങ്ങളിലും ഭരണകക്ഷി തന്നെയാണ് വിജയിച്ചത്.
പ്രതിപക്ഷമായ ഫ്രീ നാഷണൽ മൂവ്‌മെന്റിന് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത്. ഇതോടെ വെറും എട്ട് സീറ്റുകളിലേക്ക് പാർട്ടി ഒതുങ്ങി. പ്രതിപക്ഷ നിരയിലെ പ്രമുഖരായ ചെയർമാനും ഡെപ്യൂട്ടി ലീഡറും പരാജയപ്പെട്ടു. മുൻ എൻ.ബി.എ താരം റിക്ക് ഫോക്സും എഫ്.എൻ.എം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും നിലവിലെ മന്ത്രി മാരിയോ ബൗലെഗിനോട് പരാജയപ്പെട്ടു. മുൻ പ്രധാനമന്ത്രി ഡോ. ഹ്യൂബർട്ട് മിന്നിസിനും ഈ തെരഞ്ഞെടുപ്പ് കയ്പ്പേറിയതായി. സ്വന്തം പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിച്ച മിന്നിസ്, 20 വർഷമായി കൈവശം വെച്ചിരുന്ന മണ്ഡലത്തിൽ പരാജയപ്പെട്ടു.
ഭക്ഷ്യവസ്തുക്കളുടെ വാറ്റ് നികുതി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെയാണ് ഡേവിസിന് ജനപ്രീതി നിലനിർത്താൻ സാധിച്ചത്. എങ്കിലും വർധിച്ചു വരുന്ന ഭവനവാടകയും കുറഞ്ഞ വേതനവും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരുന്നു. ഭവനരഹിതർക്കായി സർക്കാർ കൂടുതൽ തുക ചിലവഴിക്കണമെന്ന് ഐ.എം.എഫ് നേരത്തെ നിർദേശിച്ചിരുന്നു. വരും വർഷങ്ങളിൽ ഈ പ്രതിസന്ധികൾ പരിഹരിക്കുക എന്നതാകും ഡേവിസ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

