ആ കുഞ്ഞിന്റെ പുഞ്ചിരി മാഞ്ഞില്ല; രക്ഷപ്പെടുത്തിയത് 128 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ
text_fieldsഇസ്തംബൂൾ: 128 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുർക്കിയിലെ അന്റാക്യയിൽ നിന്ന് ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ, കടുത്ത പൊടിപടലങ്ങളേറ്റ് കിടക്കുമ്പോഴും പ്രത്യാശയോടെ പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ മുഖം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
''അവനാണ് ഇന്നത്തെ ഹീറോ...''-എന്നാണ് രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. ട്വിറ്ററിൽ ഈ ഹ്രസ്വ വിഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്.
അദ്ഭുത രക്ഷാപ്രവർത്തനങ്ങൾക്കാണ് സിറിയയും തുർക്കിയും സാക്ഷ്യം വഹിക്കുന്നത്. സാധാരണഗതിയിൽ ഭൂകമ്പം നടന്ന് 72 മണിക്കൂറിനുശേഷം ജീവനോടെ ആളുകളെ കണ്ടെത്തൽ അത്ഭുതകരമാണ്. എന്നാൽ, തുർക്കിയയിലും സിറിയയിലുമായി 150ഓളം പേരെയാണ് മൂന്നു ദിവസത്തിനുശേഷവും കണ്ടെത്തിയത്. തെക്കൻ തുർക്കിയയിലെ ആദിയാമനിൽ 152 മണിക്കൂറിനുശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏഴു വയസ്സുകാരനെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. ഭൂകമ്പത്തിൽ ഇതുവരെ രക്ഷപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ സമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞത് ഈ കുട്ടിയാണ്. മറ്റൊരു സംഭവത്തിൽ തുർക്കിയയിലെ ഹത്തേയിൽ 35 വയസ്സുകാരനെ 149 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസം രണ്ടുവയസുള്ള പെൺകുട്ടിയെയും ആറുമാസം ഗർഭിണിയായ സ്ത്രീയെയും നാലു വയസുകാരിയെയും അവളുടെ പിതാവിനെയും രക്ഷപ്പെടുത്തിയിരുന്നു.
യു.എൻ കണക്കു പ്രകാരം തുർക്കിയിലും സിറിയയിലും 870,000 ആളുകളാണ് ഭക്ഷണങ്ങളടക്കമുള്ള അവശ്യ സാധനങ്ങൾ കാത്തിരിക്കുന്നത്. 2.6 കോടി ആളുകളെയാണ് ഭൂകമ്പം ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

