34,000 അടി ഉയരത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി; വിമാനം തിരിച്ചിറക്കി
text_fieldsറോം: 34,000 അടി ഉയരത്തിൽ, വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി. സെനഗലിലെ ഡാക്കറിൽ നിന്ന് റോമിലേക്ക് പറക്കുകയായിരുന്ന ഐ.ടി.എ എയർവേയ്‌സിന്റെ AZ855 വിമാനത്തിൽ ബുധനാഴ്ചയാണ് സംഭവം.
പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഏഴുമാസം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാന ജീവനക്കാർ ഉടൻതന്നെ യുവതിയെ സ്വകാര്യവും സുരക്ഷിതവുമായ ഇടത്തിലേക്ക് മാറ്റി. വിമാനത്തിലുള്ള മെഡിക്കൽ പ്രഫഷനലുകളോട് സഹായം അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഒരു ഡോക്ടറും നഴ്സും മുന്നോട്ടുവന്നു. തുടർന്ന് യുവതി കുഞ്ഞിന് ജന്മം നൽകി. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
തുടർന്ന്, വിമാനം ഡാക്കറിലേക്ക് തന്നെ തിരിച്ചുപറന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പൈലറ്റുമാർ വിമാനം തിരിച്ചുപറത്താൻ തീരുമാനിച്ചത്. പ്രാദേശിക സമയം പുലർച്ചെ 2.30 ഓടെ വിമാനം ബ്ലെയ്‌സ് ഡയെഗ്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പിന്നീട്, യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമാക്കിയശേഷം വിമാനം റോമിലേക്ക് തന്നെ പറന്നു.
അപൂർവവും സവിശേഷവുമായ സംഭവമായി എയർലൈൻ ഇതിനെ വിശേപ്പിച്ചു. ജീവനക്കാരുടെ പ്രഫഷനലിസത്തെയും അടിയന്തര സാഹചര്യത്തിൽ ഇടപെട്ട യാത്രക്കാർക്കും എയർലൈൻ നന്ദി പറഞ്ഞു. തങ്ങളുടെ ഒരു വിമാനത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത് ഇതാദ്യമാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. കുട്ടിക്ക് സന്തോഷകരവും ആരോഗ്യകരവുമായ ഭാവിയും എയർലൈൻ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

