ഒമിക്രോണിന്റെ പുതിയ വകഭേദം 57 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന
text_fieldsവാഷിങ്ടൺ: ഒമിക്രോണിന്റെ പുതിയ വകഭേദം 57ഓളം രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് പുതിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
10 ആഴ്ചക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം ലോകത്ത് പല രാജ്യങ്ങളിലും വീണ്ടും രോഗബാധക്ക് കാരണമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലോകാരോഗ്യ സംഘടന ശേഖരിച്ച കോവിഡ് സാമ്പിളുകൾ 93 ശതമാനവും ഒമിക്രോൺ വകഭേദമായിരുന്നു.ഒമിക്രോണിന് ചില സബ്വേരിയന്റുകളും ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. BA.1, BA.1.1, BA.2, B.3 തുടങ്ങിയ സബ്വേരിയന്റുകളാണ് കണ്ടെത്തിയത്. ഇതിൽ BA.1, BA.1.1 എന്നീ വകഭേദങ്ങളാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്.
എന്നാൽ, BA.2 വകഭേദവും പതിയെ പടരുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നിരവധി തവണ ജനിതമാറ്റം സംഭവിച്ച BA.2 വകഭേദം 57 രാജ്യങ്ങളിലാണ് പടർന്നത്. ഒമിക്രോണിന്റെ സബ്വേരിയന്റുകളെ കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് അതിവേഗത്തിൽ ഒമിക്രോണിന്റെ പുതിയ വകഭേദം പടരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

