ഗസ്സക്കാരെ ഇസ്രായേൽ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോർട്ട് പങ്കുവെച്ചു; ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ പിരിച്ചുവിട്ടു
text_fieldsകാൻബറ: ഗസ്സക്കാരെ ഇസ്രായേൽ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോർട്ട് എക്സിൽ പങ്കുവെച്ച ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ആസ്ട്രേലിയ ഫെയർ വർക്ക് റെഗുലേറ്റർ കണ്ടെത്തി. ആസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ടിക്കുന്ന അൻറോനെറ്റ് ലാത്തൂഫ് എന്ന മാധ്യമപ്രവർത്തകയെയാണ് പിരിച്ചുവിട്ടത്.
ഇസ്രായേലിനെതിരായ റിപ്പോർട്ടിന്റെ പേരിലല്ല പിരിച്ചുവിട്ടതെന്ന മാധ്യമസ്ഥാപനത്തിന്റെ അവകാശവാദം ആസ്‌ട്രേലിയൻ ഫെയർ വർക്ക് കമീഷൻ തള്ളിക്കളഞ്ഞു. ഗസ്സയിലെ ഫലസ്തീനികളെ ഇസ്രായേൽ സർക്കാർ മനപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ടാണ് ലത്തൂഫ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കരാർ കാലാവധി തികയുംമുമ്പ് ഡിസംബറിൽ ഇവരെ ഒഴിവാക്കിയത്.
ലത്തൂഫിനെ പിരിച്ചുവിട്ടത് സംബന്ധിച്ച കേസ് കമീഷന്റെ അധികാരപരിധിയിൽ വരില്ലെന്ന എ.ബി.സിയുടെ അവകാശവാദം നിലനിൽക്കില്ലെന്ന് 50 പേജുള്ള വിധി ന്യായത്തിൽ പറഞ്ഞു. കേസ് തുടർനടപടികൾക്കായി ഫെഡറൽ കോടതിക്ക് കൈമാറുമെന്ന് അഭിഭാഷകൻ ജോഷ് ബോൺസ്റ്റൈൻ അറിയിച്ചു.
കമീഷൻ വിധിക്ക് പിന്നാലെ, ഗസ്സയിൽഭക്ഷണം കിട്ടാതെ എല്ലുംതോലുുമായ പിഞ്ചുകുഞ്ഞിന്റെ ചിത്രം ഞായറാഴ്ച ലത്തൂഫ് എക്‌സിൽ പോസ്റ്റ് ചെയ്തു. “ഫലസ്തീനിയൻ കുട്ടികളെ ആസ്‌ട്രേലിയയുടെ സഖ്യകക്ഷി ബോധപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു. ഞാൻ ഇത് പറഞ്ഞുകൊണ്ടേയിരിക്കും, ഞാൻ ഇത് ഷെയർ ചെയ്തു കൊണ്ടേയിരിക്കും" -എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
നിർഭയമായി ജോലി ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശം ഉയർത്തിപ്പിടിക്കുന്ന സുപ്രധാന വിധിയാണ് കമീഷന്റേതെന്ന് ആസ്ട്രേലിയൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ മീഡിയ എന്റർടൈൻമെന്റ് ആൻഡ് ആർട്‌സ് അലയൻസ് (MEAA) വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

