ജെറ്റ് വിമാനത്തിന്റെ അത്രയും തീവ്രത; ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയക്കാരൻ
text_fieldsജോസഫ് മക്ഗ്രെയ്ൽ ബേറ്റ്അപ്
കാൻബെറ: ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ് ഇനി ഓസ്‌ട്രേലിയക്കാരന് സ്വന്തം. കാൻബെറയിൽ നടന്ന ഔദ്യോഗിക റെക്കോർഡ് പ്രകടനത്തിലാണ് നായ ജോസഫ് മക്ഗ്രെയ്ൽ ബേറ്റ്അപ് എന്ന ഈ 58കാരൻ ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദത്തിന് ഉടമയായത്. 122.4 ഡെസിബെൽ തീവ്രതയിലാണ് ജോസഫ് ശബ്ദമുണ്ടാക്കിയത്. 1994ൽ വടക്കൻ അയർലൻഡിലെ സ്കൂൾ അധ്യാപികയായ അന്നലീസ ഫ്ലാനഗൻ കുറിച്ച 121.7 ഡെസിബെലിന്റെ മുപ്പത് വർഷം പഴക്കമുള്ള റെക്കോഡാണ് ജോസഫ് തകർത്തത്. ജെറ്റ് വിമാനം പറന്നുയരുമ്പോഴോ, ആംബുലൻസ് സൈറൺ തൊട്ടടുത്ത്നിന്ന് മുഴങ്ങുമ്പോഴോ ഉണ്ടാകുന്ന അത്രയും കഠിനമായ ശബ്ദമാണ് ജോസഫ് തന്റെ തൊണ്ടയിൽനിന്ന് പുറപ്പെടുവിച്ചത്.
ഒരു പ്രഫഷനൽ എയർകണ്ടീഷണർ ക്ലീനറായ ജോസഫ്, കാൻബെറയിലെ ഔദ്യോഗിക 'ടൗൺ ക്രയർ' (വിളംബരക്കാരൻ) കൂടിയാണ്. കഴിഞ്ഞ മേയ് രണ്ടിന് കാൻബെറയിലെ ഒരു റേഡിയോ സ്റ്റുഡിയോയിൽവെച്ചായിരുന്നു റെക്കോഡ് പ്രകടനം. പ്രഫഷനൽ അക്കൗസ്റ്റിക് എൻജിനീയറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ 'നൗ' എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് റെക്കോഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗിന്നസ് അധികൃതർ ഈ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒറ്റ വാക്ക് കൃത്യമായി റെക്കോർഡ് ചെയ്യാൻ ഏഴ് തവണയാണ് അദ്ദേഹം ഒച്ചവെച്ചത്. ഇതോടെ അടുത്ത ഏതാനും ദിവസത്തേക്ക് ശബ്ദം പൂർണമായും അടഞ്ഞുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ റെക്കോഡ് ഉടമയായ അന്നലീസ ഫ്ലാനഗനോടുള്ള ആദരസൂചകമായി, താൻ 'ലോകത്തിലെ ഏറ്റവും വലിയ ശബ്ദമുള്ള പുരുഷൻ' എന്ന പദവിയാണ് ആഗ്രഹിക്കുന്നതെന്നും അന്നലീസ ലോകത്തിലെ ഏറ്റവും ശബ്ദമുള്ള സ്ത്രീയായി തുടരട്ടെയെന്നും ജോസഫ് വ്യക്തമാക്കി.
2017ൽ കാൻബെറയിലെ ഔദ്യോഗിക ടൗൺ ക്രയർ പദവിയിലെത്തിയതോടെയാണ് ഉച്ചത്തിൽ സംസാരിക്കുന്ന മത്സരങ്ങളിലേക്ക് ജോസഫ് തിരിഞ്ഞത്. 2024ൽ ഓസ്‌ട്രേലിയൻ ടൗൺ ക്രയർമാരുടെ മത്സരത്തിൽ 98 ഡെസിബെൽ ശബ്ദത്തിൽ വിളംബരം നടത്തി അദ്ദേഹം ഒന്നാമതായിരുന്നു. ഇത് രണ്ടാം തവണയാണ് ജോസഫ് ഗിന്നസ് ബുക്കിൽ ഇടംനേടുന്നത്. നേരത്തെ 2019ൽ ഏറ്റവും വേഗത്തിൽ 10 അമ്പുകൾ എയ്യുന്ന അമ്പെയ്ത്തുക്കാരൻ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ ഒമ്പത് മാസങ്ങൾക്ക് ശേഷം ഒരു ഏഴുവയസ്സുകാരൻ ആ റെക്കോഡ് തകർത്തു. റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും ആരെങ്കിലും തന്റെ പുതിയ റെക്കോഡ് മറികടന്നാൽ സന്തോഷമേയുള്ളൂവെന്നും ജോസഫ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

