ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ട്രേലിയയും
text_fieldsആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്
വെല്ലിങ്ടൺ: ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ആസ്ട്രേലിയയും. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ ഭരണകൂടത്തിൽ ഹമാസിന് പങ്കുണ്ടാവില്ലെന്നും ഗസ്സയെ നിരായുധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും ഫലസ്തീൻ അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര പരിഹാരമാണ് ഉത്തമമെന്നും ആന്റണി ആൽബനീസ് പറഞ്ഞു.
ഗസ്സയിലെ ക്രൂരതക്കെതിരെ പ്രതികരിക്കണമെന്നും ഫലസ്തീനെ അംഗീകരിക്കണമെന്നും ആസ്ട്രേലിയൻ മന്ത്രിസഭാംഗങ്ങളും മറ്റ് ഉന്നതരും ആവശ്യപ്പെട്ടിരുന്നു. വിവിധ നഗരങ്ങളിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങളും നടക്കുന്നുണ്ട്.
ആസ്ട്രേലിയയുടെ തീരുമാനത്തെ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്.
193 യു.എൻ അംഗരാഷ്ട്രങ്ങളിൽ 150 രാജ്യങ്ങൾ ഇതിനകം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. യു.എസും മിക്കവാറും പാശ്ചാത്യ രാജ്യങ്ങളുമാണ് അംഗീകരിക്കാത്തത്. അടുത്തിടെ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ സെപ്റ്റംബറിൽ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

