ബോണ്ടി ബീച്ച് ആക്രമണം: തോക്കുകൾ തിരികെ വാങ്ങാൻ നിർദേശിച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി
text_fieldsസിഡ്നി: രാജ്യത്തെ ഞെട്ടിച്ച ബോണ്ടി ബീച്ച് വെടിവെപ്പിന് ശേഷം ആസ്ട്രേലിയയിൽ വിറ്റഴിച്ച തോക്കുകൾ തിരിച്ചു വാങ്ങാൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഉത്തരവിട്ടു. 1996ന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ തോക്ക് തിരിച്ചുവാങ്ങൽ പദ്ധതിയാണിത്. ആസ്ട്രേലിയയിലെ പോർട്ട് ആർതർ കൂട്ടക്കൊലക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ബോണ്ടി ബീച്ചിൽ നടന്നത്.
30 വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ തോക്കാണ് നിലവിൽ ആസ്ട്രേലിയയിലുള്ളതെന്ന് ആൽബനീസ് പറഞ്ഞു. ഇത് തുടരാൻ അനുവദിക്കില്ല. നിലവിൽ രാജ്യത്ത് നാല് ദശലക്ഷത്തിലധികം തോക്കുകളുണ്ട്. ആസ്ട്രേലിയൻ പൗരരല്ലാത്തവരെ തോക്ക് കൈവശം വെക്കാൻ അനുവദിക്കില്ല. ബോണ്ടിയിലെ ഭയാനക സംഭവം വിപണിയിൽനിന്ന് തോക്കുകൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോക്ക് തിരിച്ചുവാങ്ങൽ പദ്ധതി പ്രകാരം ആയുധങ്ങൾ തിരികെ വാങ്ങാനും ഉടമകൾക്ക് പണം നൽകാനും അതത് സംസ്ഥാനത്തെ അധികൃതരെ ചുമതലപ്പെടുത്തുമെന്ന് ആൽബനീസ് അറിയിച്ചു. ഇത്തരത്തിൽ ശേഖരിക്കുന്ന തോക്കുകൾ നശിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഫെഡറൽ പൊലീസിനാണ്. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് തോക്കുകൾ ശേഖരിച്ച് നശിപ്പിക്കാനാകുമെന്ന പ്രതീക്ഷ ആസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കുവെച്ചു.
ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച വൈകിട്ട് ജനക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ജൂത മതവിശ്വാസികളുടെ ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഭീകരാക്രമണമെന്ന് അധികൃതർ പ്രഖ്യാപിച്ച സംഭവത്തിൽ 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ ഒരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

