ആസ്ട്രേലിയയിൽ വിസ ചട്ടം കർശനമാക്കി; ഇന്ത്യ 'ഹൈ റിസ്‌ക്' കാറ്റഗറിയിൽ
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ വിദ്യാർഥികൾക്കുള്ള വിസ ചട്ടങ്ങളിൽ മാറ്റം വരുത്തി ആസ്‌ട്രേലിയ. രാജ്യത്തെ സ്റ്റുഡന്റ് വിസ കാറ്റഗറിക്ക് കീഴിൽ ഇന്ത്യയെ ഏറ്റവും ഉയർന്ന റിസ്ക് വിഭാഗമായ 'എവിഡൻസ് ലെവൽ 3' (EL3)-ലേക്ക് മാറ്റി. ഇതുപ്രകാരം വിസ ലഭിക്കുന്നതിനായി ഇന്ത്യൻ വിദ്യാർഥികൾ കൂടുതൽ കർശനമായ പരിശോധനകൾക്കും പരിശോധനാ നടപടികൾക്കും വിധേയരാകേണ്ടി വരും.
വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2025 സെപ്റ്റംബറിന് മുമ്പുണ്ടായിരുന്ന പഴയ നിയമങ്ങളിലേക്കാണ് നിലവിൽ ഇന്ത്യയെ തിരികെ കൊണ്ടുപോയിരിക്കുന്നത്. മുമ്പ് ഇന്ത്യ 'എവിഡൻസ് ലെവൽ 2' (EL2) വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
ആസ്ട്രേലിയയിലെ വിദേശ വിദ്യാർഥികളിൽ വലിയൊരു വിഭാഗവുമാണ് ഇന്ത്യക്കാരാണ്. സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ, ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് മുമ്പത്തെക്കാൾ കൂടുതൽ തെളിവുകൾ ഇനി അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകരുടെ പഠനലക്ഷ്യം സത്യസന്ധമാണോ എന്ന് ഉറപ്പുവരുത്താൻ കർശനമായ പരിശോധനകളും അധികൃതർ നടത്തും.
2026 ജനുവരി എട്ട് മുതലാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നത്. വിദ്യാർഥികളെ സഹായിക്കുന്നതിനും വിദ്യാഭ്യാസ പങ്കാളിത്തം നിലനിർത്തുന്നതിനും ആസ്‌ട്രേലിയൻ സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം വിസ അപേക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനും കുടിയേറ്റ നയത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കമെന്ന് ആസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി. വ്യാജ അക്കാദമിക് രേഖകളും സാമ്പത്തിക രേഖകളും സമർപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയുമാണ് ഇത്തരം ഒരു നടപടിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"യഥാർത്ഥ പഠന താൽപ്പര്യമുള്ള വിദ്യാർഥികളെ മാത്രം തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകർക്ക് ശക്തമായ ഫിൽട്ടറിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം," - ഇന്റർനാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ ഓഫ് ആസ്‌ട്രേലിയ സി.ഇ.ഒ ഫിൽ ഹണിവുഡ് പറഞ്ഞു.
നിലവിൽ ആസ്‌ട്രേലിയയിലുള്ള ആകെ വിദേശ വിദ്യാർഥികളിൽ 1,40,000 ഓളം പേർ ഇന്ത്യക്കാരാണ്. വിസ നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തമായി തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രമുഖ ആസ്‌ട്രേലിയൻ സർവ്വകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആസ്‌ട്രേലിയയുമായി ചർച്ചകൾ തുടരുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

