ആസ്ട്രേലിയയിൽ നിന്ന് യുറേനിയം ഇറക്കുമതി: കരാർ ഒപ്പുവെച്ച് ഇന്ത്യ
text_fieldsമെൽബണിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും കൈകോർത്ത് ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുന്നു
മെൽബൺ: വാണിജ്യാടിസ്ഥാനത്തിൽ യുറേനിയം ഇറക്കുമതിക്ക് വഴിയൊരുക്കുന്ന സുപ്രധാനമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ആസ്ട്രേലിയയും. ത്രിരാഷ്ട്ര സന്ദർശനത്തോടനുബന്ധിച്ച് ആസ്ട്രേലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും തമ്മിലാണ്, ‘ആണവ കരാർ’ എന്ന് വിശേഷിപ്പിക്കാവുന്ന ഉഭയകക്ഷി വാണിജ്യ സഹകരണ കരാറിൽ ഒപ്പുവെച്ചത്.
ഇന്ത്യയുടെ ഊർജ സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാനും ദീർഘകാലാടിസ്ഥാനത്തിലുള്ള ശുദ്ധോർജ ഉൽപാദന ലക്ഷ്യങ്ങളെ പിന്തുണക്കാനും പുതിയ കരാർ പിന്തുണയേകും. അതോടൊപ്പം പ്രതിരോധം, സമുദ്ര സുരക്ഷ, ധാതുഖനനം, പുതുതലമുറ സാങ്കേതിക വിദ്യകളുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണവും പങ്കാളിത്തവും ഉറപ്പുനൽകുന്ന നിരവധി സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. മെൽബണിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായാണ് കരാർ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഫോസിൽ രഹിത ഇന്ധന ശേഷി വർധിപ്പിക്കാൻ ആസ്ട്രേലിയയിൽ നിന്നുള്ള യുറേനിയം ഇറക്കുമതി സഹായകമാവുമെന്ന് ചർച്ചക്കുശേഷം പ്രധാനമന്ത്രി ആൽബനീസ് പറഞ്ഞു. ആസ്ട്രേലിയൻ പ്രകൃതി വിഭവ മേഖലക്ക് അധിക വിപണി സമ്മാനിക്കാൻ ഇന്ത്യയുമായുള്ള സഹകരണ കരാർ പിന്തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ, സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകൾ എന്നിവയിലും ആസ്ട്രേലിയ-ഇന്ത്യ സഹകരണ കരാർ യാഥാർഥ്യമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിർണായക ധാതുക്കളുടെ കൈമാറ്റത്തിനായുള്ള ഇടനാഴി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം ജൂലൈ 10, 11 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തും. ഏകദേശം നാല് പതിറ്റാണ്ടിനിപ്പുറമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
ഓക്ലൻഡിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും. വ്യാപാരം, വാണിജ്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിലായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സമീപകാലത്തായി ഈ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. ഓക്ലൻഡിലെ താമസത്തിനിടയിൽ, പ്രമുഖ വ്യവസായികളുമായും കായിക താരങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ, ന്യൂസിലാൻഡിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
ജൂലൈ ആറിന് ഇന്തോനേഷ്യയിൽ ആരംഭിച്ച നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശന പരമ്പരയുടെ അവസാന ഘട്ടമാണ് ന്യൂസിലാൻഡ്. ഇന്തോനേഷ്യക്കും ആസ്ട്രേലിയക്കും ശേഷമാണ് മോദി ന്യൂസിലാൻഡിൽ എത്തുക. സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, സുപ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

