അഴിമതി: ഓങ്സാൻ സൂചിക്ക് ആറുവർഷം കൂടി തടവ്
text_fieldsയാംഗോൻ: അഴിമതിക്കേസിൽ മ്യാൻമർ നേതാവ് ഓങ്സാൻ സൂചിക്ക് ആറുവർഷം കൂടി തടവു ശിക്ഷ വിധിച്ച് സൈനിക കോടതി. നയ്പിഡാവിലെ ജയിൽ കോംപൗണ്ടിനുള്ളിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രഹസ്യ വിചാരണയായിരുന്നതിനാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2021 ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തതു മുതൽ സൂചിക്കെതിരെ ഇത് ആറാം തവണയാണ് വിധി പുറപ്പെടുവിക്കുന്നത്. അഴിമതി, തെരഞ്ഞെടുപ്പ് ലംഘനം തുടങ്ങിയതടക്കമുള്ള കുറ്റങ്ങളാണ് 77കാരിയായ സൂചിക്കെതിരെ സൈനിക കോടതി ചുമത്തിയിരിക്കുന്നത്. 190 വർഷം തടവു ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത്. എല്ലാ കുറ്റങ്ങളും കെട്ടിച്ചമച്ചതാണെന്നാണ് സൂചിയും വാദം.
നയ്പിഡാവിലെ ഭൂമി ലീസിന് നൽകിയതു വഴി സൂചി രാജ്യത്തിന് 1.3 കോടി ഡോളറിന്റെ നഷ്ടം വരുത്തിവെച്ചതായി മന്ദാലെ റീജ്യൻ ഹൈകോടതി ജഡ്ജി മിന്റ് സാൻ നിരീക്ഷിച്ചു. വളരെ തുഛമായ വിലക്കാണ് സന്നദ്ധ സംഘടനയായ ഡോ ഖിൻ കി ഫൗണ്ടേഷന് ഭൂമി പാട്ടത്തിന് നൽകിയതെന്നും കോടതി വിലയിരുത്തി.
നയ്പിഡാവിലെ ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന സൂചിക്കെതിരെ വിവിധ കേസുകളിലായി ഇതിനോടകം 11 വർഷത്തെ തടവാണ് വിധിച്ചത്. കഴിഞ്ഞ വർഷം പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ചാണ് സൈന്യ കഴിഞ്ഞ ഫെബ്രുവരിയിൽ അധികാരം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

