യു.എസ് സൈനിക വിമാനം തകർക്കാൻ ശ്രമം: അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കയറി; ഒരാൾ പിടിയിൽ
text_fieldsഡബ്ലിൻ: അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി യു.എസ് സൈനിക വിമാനത്തിന് കേടുപാടുണ്ടാക്കിയ സംഭവത്തിൽ ഒരാൾ പിടിയിലായി. വിമാനത്താവളത്തിലെ ടാക്സിവേയിൽ പാർക്ക് ചെയ്തിരുന്ന യു.എസ് വ്യോമസേനയുടെ സി-130 ഹെർക്കുലീസ് ചരക്കുവിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വിമാനത്താവളത്തിന്റെ സുരക്ഷ മതിലുകൾ അതിക്രമിച്ച് അകത്തുകയറിയ അക്രമി വിമാനത്തിന് മുകളിൽ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിമാനത്തിന് ഇയാൾ നാശനഷ്ടങ്ങൾ വരുത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. സംഭവമറിഞ്ഞ ഉടൻ എയർപോർട്ട് പൊലീസ്, അഗ്നിശമന സേന, അയർലൻഡ് പ്രതിരോധ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ നിലവിൽ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.
ആക്രമണത്തെത്തുടർന്ന് ഷാനൻ വിമാനത്താവളത്തിന്റെ പ്രവർത്തനം ഏകദേശം അരമണിക്കൂറോളം പൂർണമായും നിർത്തിവെച്ചു. ഇതോടെ പുറപ്പെടാനിരുന്ന രണ്ട് വിമാനങ്ങൾ വൈകുകയും ഫ്രാൻസിലെ ലൂർദ്ദിൽനിന്ന് വന്ന വിമാനത്തിന് ലാൻഡിങ് അനുമതി ലഭിക്കാതെ ആകാശത്ത് വട്ടംചുറ്റേണ്ടി വരികയും ചെയ്തു. പിന്നീടാണ് വിമാനത്താവളം സാധാരണ നിലയിലായത്.യു.എസ് സൈനിക വിമാനങ്ങൾ ഇന്ധനം നിറക്കുന്നതിനും മറ്റുമായി സ്ഥിരമായി ഉപയോഗിക്കുന്ന വിമാനത്താവളമാണ് ഷാനൻ. അതീവ സുരക്ഷയുള്ള ഈ മേഖലയിൽ എങ്ങനെ ഒരാൾക്ക് ഇത്ര എളുപ്പത്തിൽ കടന്നുകയറാൻ സാധിച്ചു എന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

