ആക്രമണം രൂക്ഷം; വലിയത് വരാനിരിക്കുന്നു -ട്രംപ്
text_fieldsദുബൈ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചും സൈനിക നേതൃത്വത്തെ ഇല്ലാതാക്കിയും അഞ്ചുനാളായി തുടരുന്ന ആക്രമണം ഇസ്രായേൽ വ്യാപിപ്പിക്കുന്നതിനിടെ തിരിച്ചടി ശക്തമാക്കിയതായി ഇറാനും. ഇറാൻ സൈനിക പ്രമുഖൻ ജനറൽ അലി ഷാദ്മാനിയെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. മൊസാദ് ആസ്ഥാനത്തെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കുപറ്റിയതായി സ്ഥിരീകരിച്ച ഇസ്രായേൽ ചിത്രങ്ങളോ വാർത്തകളോ പുറത്തുവിടുന്നത് വിലക്കിയിട്ടുണ്ട്.
റവലൂഷനറി ഗാർഡിലെ ഖാതം അൽഅൻബിയാ വിഭാഗം മേധാവിയായ അലി ഷാദ്മാനിയുടെ മരണം സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. തെഹ്റാനിലും തബ്രീസിലുമടക്കം ഇസ്രായേൽ ആക്രമണം രൂക്ഷമാക്കുമ്പോൾ തെൽഅവിവിൽ ഇറാനും ആക്രമണം തുടരുകയാണ്. ഇറാനിൽ ഇതിനകം 224 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1,277 പേർക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യമിട്ട് 370 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും പറത്തിയതിൽ 24 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 500ലേറെ പേർക്ക് പരിക്കേറ്റു.
ഇസ്രായേലിന്റെ ഒരു എഫ് 35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ പറഞ്ഞു. ഇറാന്റെ രണ്ട് എഫ് 14 യുദ്ധവിമാനങ്ങൾ തകർത്തതായി ഇസ്രായേലും അവകാശപ്പെട്ടു. തെഹ്റാനിൽ സൈന്യത്തിന്റെ 10 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ഇസ്രായേൽ നഗരത്തിലെ പൊലീസ് ആസ്ഥാനമടക്കം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മൂന്നു ലക്ഷത്തിലേറെ വരുന്ന ജനങ്ങളോട് സ്ഥലം വിടാൻ നിർദേശിച്ചിട്ടുണ്ട്. അതിനിടെ, ഒമാൻ കടലിൽ രണ്ട് എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി. അമേരിക്കയുടെ കൂറ്റൻ എണ്ണക്കപ്പലിനാണ് തീപിടിച്ചത്. ഇറാനിലെ ആക്രമണത്തിൽ യു.എസ് യുദ്ധവിമാനങ്ങളും പങ്കാളികളായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് ട്രംപിന്റെ സഹായി അലക്സ് ഫീഫർ നിഷേധിച്ചു.
ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ മുഖ്യപ്രമേയമായ ജി7 ഉച്ചകോടിയിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുദിവസം നേരത്തേ മടങ്ങിയത് ശ്രദ്ധേയമായി. വെടിനിർത്തലല്ല, അതിനെക്കാൾ വലിയത് കാണാനിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വാഷിങ്ടണിലേക്ക് മടക്കം.
യു.എസ് ദേശീയ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ യു.എസ് കൂടുതൽ സജീവമായി ഇടപെടാൻ ഒരുങ്ങുന്നുവെന്ന സൂചന നൽകിയാണ് പുതിയ നീക്കങ്ങൾ. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും ഇറാൻ ആണവകരാർ നേരത്തേ ഒപ്പിടണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇനി ആണവ ചർച്ചകൾക്കില്ലെന്ന് ഇറാൻ അറിയിച്ചു. അതിനിടെ, ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കാനായി ഈ മാസം 22ന് തെൽഅവിവിലേക്ക് പുറപ്പെടാനിരുന്ന യു.എസ് പ്രതിനിധി സഭ സ്പീക്കർ മൈക് ജോൺസൺ യാത്ര റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ, മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ നേരിട്ട ദുർവിധിയാണ് ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയെയും കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിൽ എത്തിയ കാറ്റ്സ് അതിനു ശേഷം മാധ്യമപ്രവർത്തകർക്ക് മുമ്പിലാണ് ഭീഷണി മുഴക്കിയത്.
തെഹ്റാനിൽ കൂട്ടമായി നാടുവിടൽ തുടരുകയാണ്. സുരക്ഷിത കേന്ദ്രങ്ങൾ തേടി പതിനായിരങ്ങൾ നഗരം വിടുന്നതിനിടെ വിദേശികൾ അയൽരാജ്യമായ അസർബൈജാനിലേക്ക് കടന്നതായും റിപ്പോർട്ടുണ്ട്. ആക്രമണം ആരംഭിച്ച് അഞ്ചു ദിവസങ്ങൾക്കിടെ 600ലേറെ പേർ നാടുകടന്നതായാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
മലയാളികൾ സുരക്ഷിതര്‍ -നോർക്ക
തിരുവനന്തപുരം: ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി അറിയിച്ചു. തെല്‍അവീവിലും തെഹ്റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എം.ബി.ബി.എസ് പഠിക്കുന്ന 12 കേരളീയ വിദ്യാർഥികളും ബിസിനസ് ആവശ്യത്തിന് ടെഹ്റാനിലേക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്.
വിദ്യാർഥികൾ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇറാനിലെ ഇന്ത്യന്‍ വിദ്യാർഥികളെയും പൗരന്മാരെയും റോഡ് മാര്‍ഗം അര്‍മേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും നീക്കം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

