വിദേശ രാജ്യത്തിെൻറ മധ്യസ്ഥതയിലുള്ള വെടിനിർത്തലിന് ഒരുക്കമെന്ന് ഇസ്രായേൽ പ്രസിഡന്റ്
text_fieldsതെക്കൻ ഗസ്സയിലെ റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ കഴിയുന്ന പിതാവ് അവസാനമായി കാണുന്നു
ഗസ്സ: ഐക്യരാഷ്ട്രസഭ ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾ അവഗണിച്ച് ഗസ്സയിലെ ആശുപത്രികൾ വീണ്ടും പിടിച്ചെടുത്ത് ഇസ്രായേൽ സേന. ഇതിനിടെ, വിദേശ രാജ്യത്തിെൻറ മധ്യസ്ഥതയിലുള്ള വെടിനിർത്തലിന് ഒരുക്കമാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയച്ചാൽ വെടിനിർത്താമെന്നും ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കാമെന്നും അദ്ദേഹം സ്ഥാനപതിമാരുടെ യോഗത്തിലാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
വടക്കൻ ഗസ്സയിലെ അൽ അവ്ദ ആശുപത്രിയിലേക്കും ഗസ്സ സിറ്റിയിലെ അൽ അഹ്ലി ആശുപത്രിയിലേക്കും ഇരച്ചുകയറിയ ഇസ്രായേലി ടാങ്കുകൾ കെട്ടിട ഭാഗങ്ങൾ തകർത്തു. വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു.
രോഗികൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാത്തവിധം രണ്ട് ആശുപത്രികളും സൈന്യം വളഞ്ഞിരിക്കുകയാണ്. ഖാൻ യൂനുസിലെ നാസർ ആശുപത്രിക്കുനേരെയും 48 മണിക്കൂറിനിടെ രണ്ടുതവണ ബോംബാക്രമണം നടത്തി. ആശുപത്രികളെ നിരന്തരം ലക്ഷ്യംവെക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടിയിൽ രോഷം പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടന വക്താവ് ഡോ. മാർഗരറ്റ് ഹാരിസ് ഗസ്സയിൽ നടക്കുന്നത് വിശ്വസിക്കാവുന്നതിനും അപ്പുറമുള്ള ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ടു.
ജബലിയയിലും റഫയിലും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. റഫയിൽ തിങ്കളാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. ജബലിയയിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ആകെ മരണം 19,667 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52,586 പേർക്ക് പരിക്കേറ്റു. തെൽ അവീവിലേക്ക് ഹമാസ് ചൊവ്വാഴ്ച റോക്കറ്റാക്രമണം നടത്തി. ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 131 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

