ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിനുനേരെ കാർ ഇടിച്ചുകയറ്റി; അഞ്ചുമരണം, 200 പേർക്ക് പരിക്ക്
text_fieldsബർലിൻ: ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഇടിച്ചുകയറ്റി അഞ്ചുമരണം. 200ലേറെ പേർക്ക് പരിക്കേറ്റു. 40 പേരുടെ നില ഗുരുതരമാണ്. തെക്കുകിഴക്കൻ ബർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയാണ് സംഭവം. 2006ൽ സൗദിയിൽനിന്ന് ജർമനിയിലേക്ക് കുടിയേറിയ ഫിസിയോ തെറപ്പി താലിബ് എന്ന ഡോക്ടറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ഇസ്ലാം മതം ഉപേക്ഷിച്ച ഇയാളുടെ എക്സ് അക്കൗണ്ട് നിറയെ ഇസ്ലാം വിരുദ്ധ, വിശ്വാസം ഉപേക്ഷിക്കുന്ന മുസ്ലിംകളെ അഭിനന്ദിക്കുന്ന പോസ്റ്റുകളാണ്. സാക്സോണി -അനാൾട്ട് സ്റ്റേറ്റിൽ താമസിക്കുന്ന ഇയാൾ യൂറോപ്പിൽ ഇസ്ലാം വളരുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ അധികൃതരെ വിമർശിക്കുന്നു.
തീവ്ര വലതുപക്ഷ നിലപാടുള്ള പ്രതി ഇസ്ലാമോഫോബിക് ആണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫേസർ പറഞ്ഞു. മാർക്കറ്റിന് 400 മീറ്റർ അകലെനിന്നാണ് ഇയാൾ ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഓടിച്ചുകയറ്റിയത്. ജർമൻ ചാൻസലർ ഓൾഫ് സ്കോൾസ് ഇരകൾക്കും കുടുംബത്തിനും ഐക്യദാർഢ്യവും അനുശോചനവും അറിയിച്ചു.
ആക്രമണം റിപ്പോർട്ട് ചെയ്തയുടൻ സമൂഹ മാധ്യമങ്ങളിൽ ഇസ്ലാം വിരുദ്ധ പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ, പ്രതി മുസ്ലിം വിരുദ്ധനാണെന്ന് വ്യക്തമായതോടെ പ്രചാരണം നിലച്ചു. ആക്രമണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് വിശദീകരിച്ച് പൊലീസ് രംഗത്തെത്തി. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. പിന്നിൽ കുടിയേറ്റ വിരുദ്ധ പക്ഷത്തിന്റെ പങ്ക് സംശയിക്കുന്ന വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

