വെടിനിർത്തൽ കരാർ കടലാസിൽ മാത്രം; ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 91 പേർ കൊല്ലപ്പെട്ടു
text_fieldsജറൂസലം: വെടിനിർത്തൽ കരാർ കാറ്റിൽ പറത്തി ഇസ്രായേൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ 35 കുട്ടികളടക്കം 91 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന്റെ എല്ലാ പരിധികളും ലംഘിച്ച് ഇസ്രായേലിന്റെ ഏറ്റവും പുതിയ വ്യോമാക്രമണം.
മരിച്ചവരിൽ ബെയ്ത് ലാഹിയയിലെ സ്കൂളിൽ അഭയം തേടിയ മൂന്നുപേരും കുടിയിറക്കപ്പെട്ടവർക്കായുള്ള അൽ മവാസി ടെന്റുകളിൽ താമസിച്ചിരുന്ന മരിച്ചവരിൽ ഉൾപ്പെടുന്നു.
ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസ് വക്താവ് മുഹമ്മദ് ബാസൽ അറിയിച്ചു. നിരവധി പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിട്ടുമുണ്ട്.
എല്ലാ അതിർവരമ്പുകളും ലംഘിച്ചായിരുന്നു വീടുകളും ടെന്റുകളും അഭയകേന്ദ്രങ്ങളും നിരപ്പാക്കിയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണമെന്ന് അനഡൊദു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉന്നതതല സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ഗസ്സയിൽ എത്രയും പെട്ടെന്ന് ശക്തമായ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയത്.
ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ചൊവ്വാഴ്ച രാവിലെ റഫ അതിർത്തിയിൽ ഹമാസ് ഇസ്രായേൽ സൈനികർക്കു നേരെ വെടിയുതിർത്തുവെന്നും ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹമാസ് ഉറപ്പിച്ചു പറയുന്നത്. വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിഞ്ജാബദ്ധരാണെന്നും അവർ വ്യക്തമാക്കി.
ഗസ്സ മുനമ്പിലെ ആക്രമണത്തിൽ 37 വയസുള്ള സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗസ്സയിൽ കണ്ണുംപൂട്ടി ആക്രമണം നടത്തണമെന്ന് നെതന്യാഹു ഉത്തരവിട്ടത്. അതിനു ശേഷം ബന്ദികളെ കൈമാറുന്നത് നിർത്തിവെക്കുകയാണെന്നും ഹമാസ് അറിയിച്ചു. എന്നാൽ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. എത്രയും വൈകാതെ ഹമാസ് ബന്ദികളെ കൈമാറണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
ഇസ്രായേൽ ആക്രമണം പുനഃരാരംഭിച്ചിട്ടും വെടിനിർത്തൽ കരാറിന് ഒരു കുഴപ്പവും വരില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്.
''ഇസ്രായേൽ ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ല. വെടിനിർത്തൽ കരാറിന് ഒന്നും സംഭവിക്കില്ല.
പശ്ചിമേഷ്യയിലെ സമാധാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഹമാസ്. അവർ വളരെ നന്നായി പെരുമാറണം''-ജപ്പാനിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള യാത്രക്കിടെ എയർഫോഴ്സ് വണ്ണിലിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേലിന്റെ വ്യോമാക്രമണത്തെയും ട്രംപ് ന്യായീകരിച്ചു. ഹമാസ് ഒരു ഇസ്രായേലി സൈനികനെ വധിച്ചു. അതിനാൽ ഇസ്രായേൽ സൈനികർ തിരിച്ചടിച്ചു. അങ്ങനെ സംഭവിക്കുമ്പോൾ തീർച്ചയായും പ്രതികരിക്കണം.-എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായ ഗസ്സ വെടിനിർത്തൽ ഒക്ടോബർ 10 നാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രായേൽ കരാർ ലംഘിക്കുകയാണ്.
വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇസ്രായേൽ 125 തവണ അതിർത്തി ലംഘിച്ചതായും ആക്രമണങ്ങളിൽ 94 പലസ്തീനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഗസ്സ സർക്കാർ മാധ്യമ ഓഫിസ് അറിയിച്ചു.
2023 ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 68,531 ആയി. അതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

