യെമനിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു
text_fieldsസന: യുദ്ധക്കെടുതിയിൽ വലയുന്ന യെമനിന്‍റെ തലസ്ഥാനമായ സനയിലെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു. 300ഓളം പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് സനയിലെ ഒരു സ്കൂളിൽ വ്യാപാരികൾ വിതരണം ചെയ്യുന്ന ഭക്ഷണപദാർഥങ്ങളും മറ്റും വാങ്ങാനായി ഒത്തുകൂടിയവരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും. ചെറിയ പെരുന്നാൾ ആഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ദരിദ്ര രാജ്യമായ യെമനെ പിടിച്ചുലക്കി വലിയ ദുരന്തം നടക്കുന്നത്.
സനയിലെ ബാബ് അൽ-യെമനിലുണ്ടായ തിക്കിലും തിരക്കിലും 85 പേർ മരിച്ചതായും 322 പേർക്ക് പരിക്കേറ്റതായും ഹൂതി സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. സഹായം കൈപ്പറ്റനായി നൂറുകണക്കിന് പേരാണ് സ്കൂളിലെത്തിയിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരക്ക് നിയന്ത്രണ വിധേയമായതോടെ ഹൂതി സൈനികരിലൊരാൾ ആകാശത്തേക്ക് വെടിവെച്ചു. ബുള്ളറ്റ് വൈദ്യുതി ലൈനിൽ തട്ടുകയും വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്തു. പിന്നാലെ പരിഭ്രാന്തരായ ജനക്കൂട്ടം ഓടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷികളായ അബ്ദുൽ റഹ്മാൻ, യഹിയ മൊഹ്സെൻ എന്നിവർ പറഞ്ഞതായി വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
സന നഗരം 2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ആഭ്യന്തര സംഘർഷത്തിൽ രാജ്യത്ത് ഇതുവരെ സിവിലിയന്മാർ ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം പേർ മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

