Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്പെയിൻ ദുഃഖത്തിലാണ്’; ട്രെയിൻ ദുരന്തത്തിൽ അനുശോചിച്ച് പെഡ്രോ സാഞ്ചസ്, രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

text_fields
bookmark_border
‘സ്പെയിൻ ദുഃഖത്തിലാണ്’; ട്രെയിൻ ദുരന്തത്തിൽ അനുശോചിച്ച് പെഡ്രോ സാഞ്ചസ്, രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
cancel

മാഡ്രിഡ്: സ്പെയിനിൽ 68 പേരുടെ മരണത്തിനിടയാക്കിയ അതിവേഗ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, ദുരന്തത്തിന്റെ കാരണം കണ്ടെത്തുമെന്നും സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ഒക്ടോബർ 29 മുതൽ 31 വരെ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

“ഇന്ന് സ്പെയിൻ മുഴുവൻ ദുഃഖത്തിലാണ്. ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,” സാഞ്ചസ് എക്സിൽ കുറിച്ചു. ദുരന്തത്തിന്റെ കാരണം കണ്ടെത്തുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ പ്രവർത്തനത്തെയും വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു.

അപകടസ്ഥലം സന്ദർശിച്ചശേഷം നടത്തിയ പ്രസ്താവനയിൽ, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സാഞ്ചസ് ഉറപ്പുനൽകി. അശ്രദ്ധയോ സുരക്ഷാ സംവിധാനത്തിലെ തകരാറുകളോ കണ്ടെത്തിയാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മാഡ്രിഡിന് തെക്കുള്ള കാസ്റ്റില്ല–ലാ മഞ്ച മേഖലയിലെ ഉർദക്ക് സമീപം ബുധനാഴ്ച രാവിലെയാണ് നിർത്തിയിട്ടിരുന്ന ഐറിയോ ട്രെയിനിലേക്ക് റെൻഫെ അതിവേഗ ട്രെയിൻ ഇടിച്ചുകയറിയത്. അപകടത്തിൽ കുറഞ്ഞത് 68 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം ദുരന്തത്തിന് കാരണാമായത് സിഗ്നൽ സംവിധാനത്തിലെ തകരാറും ചുവപ്പ് സിഗ്നൽ നിലനിൽക്കെ ട്രെയിനിന് യാത്ര തുടരാൻ അനുമതി നൽകിയതുമാണെന്നാണ് പ്രാഥമിക വിവരങ്ങൾ. സാങ്കേതിക തകരാറിനെത്തുടർന്ന് ട്രെയിനുകൾ സ്വമേധയാ നിർത്തിയിട്ടും റെൻഫെ സർവീസിന് മുന്നോട്ടുപോകാൻ അനുമതി ലഭിച്ചതെങ്ങനെയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

എന്നാൽ യാത്ര തുടരാൻ നിർദേശം ലഭിച്ചതിനെത്തുടർന്നാണ് തങ്ങളുടെ ട്രെയിൻ മുന്നോട്ടുപോയതെന്നും തുടർന്ന് നിർത്തിയിട്ടിരുന്ന ഐറിയോ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും റെൻഫെ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ കൃത്യമായ ക്രമവും സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനവും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. അപകടസമയത്ത് ഐറിയോ ട്രെയിനിൽ 147 പേരും റെൻഫെ സർവീസിൽ 397 പേരുമുണ്ടായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. ഐറിയോ ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളംതെറ്റിയത്.

അപകടസ്ഥലത്ത് വലിയ തോതിൽ ആംബുലൻസുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകരും വിന്യസിച്ചിട്ടുണ്ട്. തകർന്ന ലോഹഭാഗങ്ങളും ബോഗികളുടെ അവശിഷ്ടങ്ങളും റോഡരികിലെ ചരിവിൽ ചിതറിക്കിടക്കുകയായിരുന്നു.

ഈ വർഷം ജനുവരിയിലും ഇതേ പാതയിൽ അതിവേഗ ട്രെയിനുകൾ അപകടത്തിൽപ്പെട്ട് 46 പേർ മരിച്ചിരുന്നു. അന്ന് ഒരു ട്രെയിൻ പാളംതെറ്റി എതിർദിശയിൽ വന്ന ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റെയിൽപാതകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി ചെലവഴിക്കുന്ന തുകയെക്കുറിച്ച് സ്പെയിനിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു.

ജനുവരിയിലെ അപകടത്തെക്കുറിച്ചുള്ള സിവിൽ ഗാർഡിന്റെ പ്രാഥമിക റിപ്പോർട്ടിൽ പാളത്തിലോ റെയിലിലോ രണ്ട് റെയിൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വെൽഡിങ്ങിലോ ഉണ്ടായ തകരാറാണ് പ്രധാന സാധ്യതയായി ചൂണ്ടിക്കാട്ടിയത്. എന്നാൽ മറ്റ് ഏഴ് സാധ്യതകളും അന്വേഷണസംഘം തള്ളിയിരുന്നില്ല.

സ്പെയിനിലെ റെയിൽവേ സുരക്ഷാ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, പാളംതെറ്റലും ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടിയും ഉൾപ്പെടെയുള്ള അപകടങ്ങൾ 2016ൽ 45 ആയിരുന്നത് 2024ൽ 57 ആയും കഴിഞ്ഞ വർഷം 69 ആയും വർധിച്ചിട്ടുണ്ട്.

അപകടത്തെത്തുടർന്ന് മാഡ്രിഡ്–അൻഡലൂസിയ അതിവേഗ പാതയിലെ ടിക്കറ്റ് വിൽപ്പന ഡിസംബർ 13 വരെ നിർത്തിവെച്ചതായി റെൻഫെ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്‌ലൈനും ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - At least 68 people dead in Spain's second major train crash this year
Next Story