പട്ടിണി വയറുമായി അന്നത്തിനോടുന്നവരെ വെടിവെച്ചുകൊന്ന് ഇസ്രായേൽ ക്രൂരത; ഗസ്സയിൽ പൊലിഞ്ഞത് 25 ജീവൻ
text_fieldsഗസ്സ സിറ്റി: മാസങ്ങൾ പിന്നിട്ട ഉപരോധത്താൽ വിശന്നൊട്ടിയവരെ കൊലപ്പെടുത്തി രസിക്കുന്ന ക്രൂരത തുടർന്ന് ഇസ്രായേൽ. ഗസ്സ മുനമ്പിൽ ഭക്ഷണം സ്വീകരിക്കാൻ പോകുന്നന്നവർക്കുനേരെ നടത്തിയ വെടിവെപ്പിൽ ഞായറാഴ്ച 25 പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
ഇസ്രായേലി പിന്തുണയുള്ള ഒരു ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 25 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റെക്കോർഡ്സ് വിഭാഗം മേധാവി സഹെർ അൽ വാഹിദി പറഞ്ഞു. എന്നാൽ, മാനുഷിക സഹായ വിതരണ കേന്ദ്രത്തിനു നേർക്ക് നടത്തിയ വെടിവെപ്പിനെക്കുറിച്ച് അറിയില്ലെന്ന് സൈന്യം പ്രസ്താവനയിറക്കി.
ഞായറാഴ്ച പുലർച്ചെയാണ് സഹായം എത്തിച്ചതെന്ന് ഫൗണ്ടേഷൻ പറയുന്നു. പ്രഭാതത്തിന് മണിക്കൂറുകൾക്ക് മുമ്പു തന്നെ ആയിരക്കണക്കിന് ആളുകൾ വിതരണ സ്ഥലത്തേക്ക് നീങ്ങി. ഇസ്രായേൽ സൈന്യം അവരോട് പിരിഞ്ഞുപോകാനും പിന്നീട് വരാനും ഉത്തരവിട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ജനക്കൂട്ടം പുലർച്ചെ 3 മണിയോടെ ഒരു കിലോമീറ്റർ അകലെയുള്ള ഫ്ലാഗ് റൗണ്ട് എബൗട്ടിൽ എത്തിയപ്പോൾ ഇസ്രായേൽ സൈന്യം വെടിയുതിർത്തു. നാവിക യുദ്ധക്കപ്പലുകൾ, ടാങ്കുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് എല്ലാ ദിശകളിൽ നിന്നും വെടിവെപ്പുണ്ടായെന്ന് ജനക്കൂട്ടത്തിലുണ്ടായിരുന്ന അമർ അബു തെയ്ബ പറഞ്ഞു. വെടിയേറ്റ മുറിവുകളുള്ള കുറഞ്ഞത് 10 മൃതദേഹങ്ങളും സ്ത്രീകൾ ഉൾപ്പെടെ നിരവധി പരിക്കേറ്റവരെയും താൻ കണ്ടുവെന്നും മരിച്ചവരെയും പരിക്കേറ്റവരെയും ഫീൽഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആളുകൾ വണ്ടികൾ തിരയുന്ന രംഗം ഭയാനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടതായും 175 പേർക്ക് പരിക്കേറ്റതായും റെഡ് ക്രോസ് നടത്തുന്ന ഫീൽഡ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ആരാണ് അവർക്ക് നേരെ വെടിയുതിർത്തതെന്ന് വെളിപ്പെടുത്തിയില്ല. റിപ്പോർട്ടർമാരോട് സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് സംസാരിച്ചതെന്ന് മാധ്യമങ്ങൾ പറയുന്നു.
നേരത്തെയും സഹായ വിതരണ കേന്ദ്രത്തിനു നേരെ വെടിവെപ്പുണ്ടായെന്നും കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
സഹായ ഫൗണ്ടേഷൻ സൈറ്റുകൾക്ക് കാവൽ നിൽക്കുന്ന സ്വകാര്യ സുരക്ഷാ കരാറുകാർ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പുണ്ടായില്ലെന്ന് അവകാശമുന്നയിച്ചു. അതേസമയം, നേരത്തെ മുന്നറിയിപ്പ് വെടിയുതിർത്തതായി ഇസ്രായേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

