ഗസ്സയിൽ വീണ്ടും നരനായാട്ട്; 17 മരണം; ഉടൻ വെടിനിർത്തണമെന്ന് ബ്രിട്ടൻ
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ച താൽക്കാലികമായി നിർത്തിവെച്ചിരിക്കെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ നരനായാട്ട്. ഞായറാഴ്ച പുലർച്ച ഗസ്സ സിറ്റിയിൽ നടത്തിയ ആക്രമണങ്ങളിൽ 17 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വീടുകൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ സേനയുടെ വ്യോമാക്രമണം. അൽ മവാസി അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 90 പേർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പാണ് വീണ്ടും ആക്രമണം. ഒമ്പത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 38,443 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 88,481 പേർക്ക് പരിക്കേറ്റു. അതിനിടെ, ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ആവശ്യപ്പെട്ടു. ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലെത്തിയശേഷം ഇസ്രായേലിലും ഫലസ്തീനിലും നടത്തിയ ആദ്യ സന്ദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗസ്സയിൽ നടക്കുന്ന ഏറ്റുമുട്ടൽ സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ലാമി, വെടിനിർത്തൽ ചർച്ചക്കും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കാനും ബ്രിട്ടന്റെ പൂർണ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കുകയും വേണം. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ഇസ്രായേൽ കുടിയേറ്റം നിർത്തണമെന്നും ലാമി ആവശ്യപ്പെട്ടു.
ഞായറാഴ്ച ജറൂസലമിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായും ലാമി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉടൻ വെടിനിർത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ആഴ്ച നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.