താങ്കൾ എനിക്ക് ശരിക്കും തലവേദനയാണ്...ജനപ്രീതി തന്നെ കാരണം -മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ച് ബൈഡൻ?
text_fieldsടോക്യോ: ഹിരോഷിമയിലെ ജി7 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ ജനപ്രീതി കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ അഭിപ്രായം ബൈഡൻ ശരിവെച്ചെന്നും ഇതിൽ പറയുന്നു.
പ്രധാനമന്ത്രി മോദി സംസാരിക്കുന്ന പരിപാടികളിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് തന്റെ രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസ് പറഞ്ഞതായും ബൈഡൻ ഇതിനെ പിന്തുണച്ചതായും റിപ്പോർട്ടിലുണ്ട്.
സിഡ്നിയിൽ ചൊവാഴ്ച നടക്കുന്ന പരിപാടിയിൽ ആസ്ട്രേലിയയിലെ പ്രധാന കമ്പനികളിലെ സി.ഇ.ഒയുമായും ബിസിനസുകാരുമായും ഇവിടത്തെ ഇന്ത്യൻ കുടിയേറ്റക്കാരുമായും മോദി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ജോ ബൈഡന്റെയും പത്നി ജിൽ ബൈഡന്റെയും ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അടുത്ത മാസം യു.എസും സന്ദർശിക്കും. വൈറ്റ്ഹൗസിൽ ഡിന്നർ കഴിക്കാനാണ് ഇരുവരും മോദിയെ ക്ഷണിച്ചിട്ടുള്ളത്.
സിഡ്നിയിൽ നടക്കുന്ന പരിപാടിയിൽ മോദിയുടെ സംസാരം കേൾക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സൗകര്യം ചെയ്തുകൊടുക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് ആൽബനീസ് പറഞ്ഞതായും എ.എൻ.ഐ റിപ്പോർട്ടിലുണ്ട്. 20,000 ആളുകൾക്ക് ഇരിക്കാവുന്ന വേദിയിലാണ് പരിപാടി നടക്കുക. ആളുകൾ ടിക്കറ്റുകൾ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. കൂടുതൽ ആളുകൾ ടിക്കറ്റിനായി ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും ആൽബനീസ് പറഞ്ഞു.
ഇക്കൊല്ലത്തെ തന്റെ ഇന്ത്യ സന്ദർശനത്തെ കുറിച്ചും ആസ്ട്രേലിയൻ പ്രധാനമന്ത്രി വാചാലനായി. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ആൽബനീസിനെ സ്വാഗതം ചെയ്തത് 90,000 ആളുകളാണ്.
''താങ്കൾ ശരിക്കും എനിക്ക് വെല്ലുവിളിയാണ്. അടുത്ത മാസം താങ്കൾക്കൊപ്പം വാഷിങ്ടണിൽ ഡിന്നർ കഴിക്കണം. ഞങ്ങളുടെ രാജ്യം മുഴുവൻ താങ്കളുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയാണ്. താങ്കളെ കളിയാക്കുകയാണ് എന്ന് കരുതരുത്. എന്റെ ടീമിനോട് ചോദിച്ചു നോക്കൂ. വാസ്തവമാണ് ഞാൻ പറയുന്നത്. ഒരിക്കൽ പോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ആളുകളിൽ നിന്നാണ് എനിക്ക് ഫോൺ കോളുകൾ വരുന്നത്. സിനിമാ താരങ്ങൾ മുതൽ അടുത്ത ബന്ധുക്കൾ വരെയുണ്ട് അക്കൂട്ടത്തിൽ. താങ്കൾ അത്രയും ജനകീയനാണ്.''-ബൈഡൻ പറഞ്ഞു.
ക്വാദ് സമ്മേളനത്തിലുൾപ്പെടെ എല്ലാ കാര്യത്തിലും നിങ്ങളുടെ സ്വാധീനം ഉണ്ട്. ഇന്തോ-പസഫിക് മേഖലയിലും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും താങ്കൾ സ്വീകരിക്കുന്ന നിലപാടുകൾ കാണാതിരിക്കാനാവില്ല. നിങ്ങൾ മാറ്റം കൊണ്ടുവരികയാണ്-ബൈഡൻ കൂട്ടിച്ചേർത്തു. എന്നാൽ, ബൈഡൻ ഓട്ടോഗ്രാഫ് ചോദിച്ചെന്ന എ.എൻ.ഐ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ജി7 ഉച്ചകോടി പോലൊരു അന്താരാഷ്ട്ര പരിപാടിയിൽ ഇത്തരമൊരു ആശയവിനിമയം നടന്നിട്ടുണ്ടെങ്കിൽ അത് പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്നും അതുണ്ടായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഉച്ചകോടിക്ക് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്തോ–പസഫിക് മേഖലയിലെ സഹകരകണം ശക്തിപ്പെടുത്തുന്നതും മേഖലയിലെ പുതിയ സംഭവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിനോദ സഞ്ചാരം, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ സഹകരണവും, ഭീകരവിരുദ്ധ പോരാട്ടം, ഐക്യ രാഷ്ട്രസഭ പരിഷ്കരണം എന്നീ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ സന്ദര്‍ശനത്തിനിടെ സമ്മാനമായി നല്‍കിയ ബോധി വൃക്ഷം ഹിരോഷിമയില്‍ നട്ടതിലുള്ള നന്ദി പ്രധാനമന്ത്രി ജപ്പാനീസ് പ്രധാനമന്ത്രിയെ അറിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്, വിയറ്റ്നാം പ്രധാനമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാഛാദനവും പ്രധാനമന്ത്രി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

