'കോമ്രേഡ് ബാല' ജനിച്ചത് കൊല്ലം മയ്യനാട്; എട്ടാം വയസ്സിൽ കേരളം വിട്ടു
text_fieldsസ്ത്രീകളെ അടിമകളാക്കി 30 വർഷം പീഡിപ്പിച്ച മലയാളിയായ 'കോമ്രേഡ് ബാല' കൊല്ലം മയ്യനാട് സ്വദേശിയാണെന്ന് മകൾ കാറ്റി മോർഗൻ ഡെവീസ്. അരവിന്ദൻ ബാലകൃഷ്ണൻ (81) എന്ന ബാല ലണ്ടനിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്.
മയ്യനാട് ജനിച്ച അദ്ദേഹം എട്ടാം വയസ്സിൽ മാതാവിനോടൊപ്പമാണ് സിംഗപ്പൂരിലേക്ക് പോയത്. പിതാവ് അവിടെ സൈനികനായിരുന്നു. ആർ. ബാലകൃഷ്ണൻ-സരോജിനി എന്നിവരാണ് രക്ഷിതാക്കളെന്നും ഒരു സഹോദരനുണ്ടെന്നും കാറ്റി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ബാലയുടെ സഹോദരൻ സിംഗപ്പൂരിൽ ഇ.എൻ.ടി സ്പെഷലിസ്റ്റാണ്. പിതാവ് സിംഗപ്പൂരിലെ ബ്രിട്ടീഷ് സൈന്യത്തിലാണ് സേവനം ചെയ്തിരുന്നത്. എട്ടാം വയസ്സിൽ നാടുവിട്ട പിതാവ് പിന്നീടൊരിക്കലും കേരളത്തിലേക്ക് വന്നിട്ടില്ലെന്നും മകൾ പറയുന്നു. 1963ലാണ് ലണ്ടനിലേക്ക് കുടിയേറുന്നത്.
ദൈവതുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് ബാല സൗത് ലണ്ടനിലെ വീട്ടിൽ സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂര ആക്രമണങ്ങൾക്ക് ഇരകളാക്കുകയും ചെയ്തത്. സ്ത്രീകളെ തടവിലാക്കാനായി വീടിനോട് ചേർന്ന് പ്രത്യേക കേന്ദ്രവും ഒരുക്കിയിരുന്നു. 2016ലാണ് സ്ത്രീകളെ അടിമകളാക്കി താമസിപ്പിച്ചിരുന്ന കേന്ദ്രത്തെ കുറിച്ചും ഇദ്ദേഹത്തിന്‍റെ ക്രൂരകൃത്യങ്ങളെ കുറിച്ചും പുറംലോകം അറിയുന്നത്. പിന്നാലെ കോടതി ഇദ്ദേഹത്തെ 26 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.
സത്യസന്ധമായി പറഞ്ഞാൽ എന്‍റെ വികാരം സമ്മിശ്രമാണ്. അദ്ദേഹം മികച്ച പിതാവായിരുന്നില്ല, പക്ഷേ ദിവസാവസാനം വരെ അദ്ദേഹം എന്റെ പിതാവായിരുന്നു -യു.കെയിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന 39കാരിയായ കാറ്റി പറഞ്ഞു. 30 വർഷം പിതാവിന്‍റെ ക്രൂര പീഡനം ഏറ്റുവാങ്ങിയ അവർ 2013ലാണ് രക്ഷപ്പെടുന്നത്.
പിതാവിന്‍റെ അനുയായിയായ സിയാൻ ഡെവീസാണ് കാറ്റിയുടെ മാതാവ്. അവരും ബാലയുടെ പീഡനങ്ങൾക്കിരയായിരുന്നെന്നും 1997ൽ കോണിപ്പടിയിൽനിന്ന് ദുരൂഹസാഹച്യത്തിൽ വീണാണ് മരിച്ചതെന്നും കാറ്റി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

