Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് ഹിന്ദു അധ്യാപികയല്ല, മുസ്‍ലിം കടയുടമ; ബംഗ്ലാദേശിലെ വർഗീയ പ്രചാരണങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്

text_fields
bookmark_border
അത് ഹിന്ദു അധ്യാപികയല്ല, മുസ്‍ലിം കടയുടമ; ബംഗ്ലാദേശിലെ വർഗീയ പ്രചാരണങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്
cancel
camera_altകടപ്പാട്:  ആൾട്ട് ന്യൂസ് 

ബംഗ്ലാദേശിൽ സ്ത്രീയെ ആൾക്കൂട്ടം തെരുവിൽ വെച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹിന്ദു അധ്യാപികക്ക് നേരെയുള്ള വർഗീയ അതിക്രമമെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് വസ്തുതാ പരിശോധന റിപ്പോർട്ട്. ബിസിനസ് തർക്കത്തെത്തുടർന്ന് ആക്രമിക്കപ്പെട്ടത് സക്കിയ സുൽത്താന എന്ന മുസ്‍ലിം വനിതാ കടയുടമയാണെന്നും, ഇതിൽ യാതൊരു വർഗീയ കോണുകളുമില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകളും വസ്തുതാ പരിശോധനകളും വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഴ്ച ബംഗ്ലാദേശിൽ ഒരു സംഘം ആളുകൾ തെരുവിൽ വെച്ച് സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തിരക്കേറിയ തെരുവിന്റെ നടുവിൽ വെച്ച് ഒരു പറ്റം പുരുഷന്മാർ സ്ത്രീയെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. അടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആക്രമണം തടയാൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. വികാസ് പൊഖ്‌രിയാൽ എന്ന എക്സ് ഉപയോക്താവ് ആഗസ്റ്റ് 31-ന് ഈ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട്, ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ ഒരു ഹിന്ദു അധ്യാപികയെ ആക്രമിച്ചു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും ചെയ്യപ്പെട്ടിരുന്നു.

പിന്നീട് തന്റെ മുൻ അവകാശവാദം തിരുത്തിക്കൊണ്ട് അദ്ദേഹം മറ്റൊരു പോസ്റ്റ് പങ്കുവെച്ചു. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഒരു കടക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് കടയുടമകളും ജീവനക്കാരും ചേർന്നാണ് സ്ത്രീയെ മർദ്ദിച്ചത് എന്നായിരുന്നു തിരുത്തൽ. ദീപക് ശർമ്മ, യാതി ശർമ്മ തുടങ്ങിയ മറ്റ് ചില എക്സ് ഉപയോക്താക്കളും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമാനമായ വ്യാജ വർഗീയ പ്രചാരണങ്ങൾ നടത്തിയിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ട ഒരു അധ്യാപിക ഉയർന്ന ജാതിയിലുള്ള മുസ്‍ലിം കുട്ടിക്ക് വെള്ളം നൽകിയതിനാണ് ഇവരെ തെരുവിൽ ഓടിച്ചിട്ട് മർദ്ദിച്ചതെന്ന തരത്തിലായിരുന്നു മറ്റ് ചില തെറ്റായ പ്രചാരണങ്ങൾ.

എന്നാൽ വൈറൽ വിഡിയോയുടെ യാഥാർത്ഥ്യം കണ്ടെത്താൻ ഫാക്റ്റ് ചെക്ക് പരിശോധനകൾ നടത്തിയതിൽ നിന്ന്, ആഗസ്റ്റ് 30-ന് ബംഗ്ലാദേശി വാർത്താ പോർട്ടലായ ബി.ഡി ന്യൂസ് 24 പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ആദ്യം ലഭിച്ചത്. ആഗസ്റ്റ് 29-ന് ബംഗ്ലാദേശിലെ രാജ്ബാരി തുണിക്കടയിലാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 12 വർഷമായി സ്വന്തമായി തുണിക്കട നടത്തിവരുന്ന സക്കിയ സുൽത്താന എന്ന വനിതാ കടയുടമയാണ് ആക്രമണത്തിന് ഇരയായത്. തന്റെ കടയിലെ ജീവനക്കാരി ശഹാന പർവീൻ ബ്രിസ്തി ആഗസ്റ്റ് 22-ന് മറ്റൊരു കടയിൽ ജോലിക്ക് കയറിയത് സുൽത്താന കണ്ടെത്തുകയും, തുടർന്ന് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് അടുത്ത മാസം ശമ്പളം വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് ആഗസ്റ്റ് 23-ന് ബ്രിസ്തി 20 ഓളം പുരുഷന്മാരുമായി സുൽത്താനയുടെ കടയിലെത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതു. ഇതിന്റെ തുടർച്ചയായി ആഗസ്റ്റ് 29 ഉച്ചക്ക് സുൽത്താന തന്റെ വനിതാ ജീവനക്കാർക്കൊപ്പം തുണിക്കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രതിഷേധവുമായി എത്തി. ഇതിൽ പ്രകോപിതരായ രാജ്ബാരി തുണിക്കടയിലെ മറ്റ് ചില കടയുടമകൾ സുൽത്താനയെ ആക്രമിക്കുകയായിരുന്നു. സുൽത്താനക്ക് സംരക്ഷണം നൽകാൻ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും, അവരുടെ സാന്നിധ്യത്തിൽ പോലും അക്രമികൾ സുൽത്താനയെ മർദ്ദിക്കുന്നത് വിഡിയോയിൽ കാണാം.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ബി.ബി.സി ന്യൂസ് ബംഗ്ലായും ആഗസ്റ്റ് 31ന് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 1ന് ബംഗ്ലാ ടിവി, വ്യൂസ് ബംഗ്ലാദേശ്, ജാഗോ ന്യൂസ് 24 തുടങ്ങിയ മാധ്യമങ്ങളും ഈ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ, വൈറലായ വിഡിയോയിൽ സ്ത്രീയെ ആക്രമിക്കുന്നത് ബംഗ്ലാദേശിൽ തന്നെയാണ് എന്നത് സത്യമാണെങ്കിലും, ആക്രമണത്തിനിരയായത് ഒരു മുസ്‍ലിം വനിതയാണ്. അതിനാൽ തന്നെ ഇതിൽ യാതൊരുവിധ വർഗീയ കോണുകളുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഒരു ബിസിനസ്സ് തർക്കത്തെത്തുടർന്നാണ് ഈ ആക്രമണം ഉണ്ടായതെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം സ്ഥിരീകരിച്ചിട്ടുള്ളതാണ്. അതിനാൽ ദലിത് അധ്യാപികയാണെന്നോ, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകിയതുകൊണ്ടാണെന്നോ ഉള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assault on Bangladeshi Muslim woman falsely communalised on social media
Next Story