മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ യുദ്ധം തുടങ്ങിയ ശേഷം വധശ്രമം നടന്നതായി യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പുടിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹം പരക്കുന്നതിനിടെ യുക്രൈൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ കിറിലോ ബുധനോവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിൽവെച്ചാണ് വധശ്രമം നടന്നതെന്ന് 'യുക്രൈന്‍സ്‌ക പ്രവ്ദ' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. തലനാരിഴക്കാണ് പുടിൻ രക്ഷപ്പെട്ടത്.
എക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് പുടിന്റെ മോഹം. എന്നാല്‍, ലോകത്തെ എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചത് തന്നെയാണ് പുടിനെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബുധനോവിന്റെ അവകാശവാദത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.