ഖാംനഇയെ വധിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധമായി പരിണമിക്കുമെന്ന് ഇറാൻ സുപ്രീം കൗൺസിൽ അംഗം
text_fieldsതെഹ്റാൻ: രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ.
ഇറാൻ നേതാവിന്റെ കൊലപാതകം മേഖലയെ ജ്വലിപ്പിക്കുകയും അമേരിക്കക്കുള്ളിലുൾപ്പെടെ ആഗോളതലത്തിൽ കൊലപാതകങ്ങളുടെ ഒരു തരംഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് ഇറാന്റെ സുപ്രീംകൗൺസിൽ അംഗമായ ഹസൻ റഹിംപൂർ അസ്ഗാദി പറഞ്ഞു.
ഖാംനഇയെ ദ്രോഹിക്കാനുള്ള ഏതൊരു ശ്രമവും ‘നൂറ്റാണ്ടിലെ ഏറ്റവും വലിയ തെറ്റായിരിക്കും’. ഇത് അഞ്ച് ഭൂഖണ്ഡങ്ങളിലുടനീളമുള്ള യു.എസ് താൽപ്പര്യങ്ങളെയും അതിന്റെ സഖ്യകക്ഷികളെയും ലക്ഷ്യം വെച്ചുള്ള പ്രതികാര നടപടികളുടെ ഒരു നിരന്തര ശൃംഖലയിലേക്ക് നയിക്കുമെന്ന് അസ്ഗാദി പറഞ്ഞതായി ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു.
ഈ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിനിടെ അയത്തുല്ല ഖാംനഇയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുന്നറിയിപ്പ്.
ഇസ്രായേൽ പ്രതിരോധ സേന ഖാംനഇയെ വധിക്കുമായിരുന്നുവെന്നും പക്ഷേ, അതിനുള്ള അവസരം ലഭിച്ചില്ല എന്നും യുദ്ധത്തിനിടെ നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞിരുന്നു. തങ്ങൾക്കതിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്നും കാറ്റ്‌സ് പറയുകയുണ്ടായി.
വെടിനിർത്തലിനു ശേഷം സംഘർഷത്തിനിടെ ഉണ്ടായ നഷ്ടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇറാനും ഇസ്രായേലും പുറത്തുവിട്ടിരുന്നു. ജൂൺ 13 വെള്ളിയാഴ്ച ഇറാനിയൻ ആണവ, സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ആരംഭിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ ഉപയോഗിച്ച് ഇറാൻ പ്രതികരിച്ചു. ഇസ്രായേലി പ്രതിരോധ ലക്ഷ്യങ്ങളിലും സിവിലിയൻ പ്രദേശങ്ങളിലും നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അഴിച്ചുവിട്ടായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

