പാകിസ്താന്‍റെ ആദ്യ സംയുക്ത സേനാമേധാവിയായി നിയമനം; അസിം മുനീറിന് കൂടുതൽ അധികാരം
text_fieldsഅസിം മുനീർ
ഇസ്‌ലാമബാദ്: പാകിസ്താന്‍റെ ആദ്യ സംയുക്ത സേനാമേധാവിയായി ഫീൽഡ് മാർഷൽ അസിം മുനീറിനെ നിയമിക്കുന്ന ഉത്തരവിന് പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരിയുടെ അംഗീകാരം. സംയുക്ത സൈനിക മേധാവിയായി അഞ്ച് വർഷത്തേക്കാണ് നിയമനം. മുനീറിനെ കരസേന മേധാവിയായും സംയുക്ത സൈനിക മേധാവിയായും നിയമിക്കണമെന്ന പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്‍റെ നിർദേശം അംഗീകരിച്ചതായി കഴിഞ്ഞ രാത്രിയിലെ പ്രസിഡന്‍റിന്‍റെ എക്സ് പോസ്റ്റിൽ പറയുന്നു.
സർവ സൈന്യാധിപനായി മുനീറിനെ നിയമിക്കുന്നതിൽ പ്രധാനമന്ത്രി ശഹബാസ് ശരീഫിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കരസേന മേധാവിയുടെ കാലാവധി പൂർത്തിയായ നവംബർ 29നാണ് മുനീറിന് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേന്ദ്രീകൃത സൈനിക നിയന്ത്രണം ലക്ഷ്യമിടുന്ന സംയുക്ത സൈനിക മേധാവിയുടെ നിയമത്തിനായുള്ള ഭരണഘടനാ വകുപ്പ് കഴിഞ്ഞ മാസം 27-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കുകയായിരുന്നു.
പാകിസ്താന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഫീൽഡ് മാർഷലാണ് അസിം മുനീർ. 1965ൽ ഇന്ത്യക്കെതിരെ യുദ്ധം നയിച്ച ജനറൽ അയൂബ് ഖാനാണ് ആദ്യത്തെയാൾ. സർവ സൈന്യാധിപനാകുന്നതോടെ കേസുകളിൽ നിന്നും വിചാരണയിൽ നിന്നും മുനീറിന് സംരക്ഷണം ലഭിക്കും. പാക് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹ്മദ് ബാബർ സിദ്ധുവിന്‍റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടുന്ന ഉത്തരവിനും പ്രസിഡന്‍റിന്‍റെ അംഗീകാരമായി. അടുത്ത മാർച്ച് 19 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
അസിം മുനീറിന്റെ കാലാവധി നവംബർ 29ന് അവസാനിച്ചിരുന്നു. ഇതെത്തുടർന്ന് പാകിസ്താന് ഔദ്യോഗിക സൈനിക മേധാവിയില്ലാതെ വരുമെന്ന അവസ്ഥയിലായിരുന്നു നീക്കം. ആണവശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ - സുരക്ഷാ നിരീക്ഷകരടക്കം ചൂണ്ടിക്കാട്ടി. സി.ഡി.എഫ് പദവി നിയമപരമായി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ നിയമവിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. സി.ഡി.എഫ് പദവി അസിം മുനീറിന് അഞ്ച് വർഷത്തേക്ക് നൽകാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സർക്കാരിനേക്കാൾ അധികാരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

