‘ജമ്മു-കശ്മീരിലെ ഭീകരത തെറ്റല്ല, നിയമവിധേയമായ പോരാട്ടം’; വിചിത്ര വാദവുമായി ആസിം മുനീർ
text_fieldsഇസ്ലാമാബാദ്: ജമ്മു-കശ്മീരിലെ തീവ്രവാദം നിയമവിധേയമായ പോരാട്ടമാണെന്ന വിചിത്ര വാദവുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ. ഭാവിയിൽ ആക്രമണമുണ്ടായാൽ ഇന്ത്യക്ക് അർഹമായ മറുപടി നൽകുമെന്നും കറാച്ചിയിലെ നാവിക അക്കാദമിയിലെ പരിപാടിയിൽ മുനീർ പറഞ്ഞു.
‘‘ഇന്ത്യ ഭീകരവാദം എന്ന് വിളിക്കുന്നത് യഥാർഥത്തിൽ നിയമവിധേയമായ സ്വാതന്ത്ര്യ പോരാട്ടമാണ്. അന്താരാഷ്ട്ര നിയമം അതിന് അംഗീകാരം നൽകുന്നുണ്ട്. കശ്മീരി ജനതയുടെ ഇച്ഛാശക്തിയെ അടിച്ചമർത്താനും പരിഹാരത്തിനുപകരം സംഘർഷം വളർത്താനുമുള്ള ശ്രമം ഈ നീക്കം കൂടുതൽ പ്രസക്തമാക്കാനേ സഹായിക്കൂ’’- സൈനിക മേധാവി കൂട്ടിച്ചേർത്തു.
സ്വയം നിർണയാവകാശത്തിനായുള്ള കശ്മീരി ജനതയുടെ പോരാട്ടത്തിൽ പാകിസ്താൻ എപ്പോഴും അവരുടെ കൂടെ നിൽക്കുമെന്നും മുനീർ പറഞ്ഞു. ഇന്ത്യയുടെ സൈനിക ആക്രമണങ്ങളെ ചെറുത്തതിലൂടെ പാകിസ്താൻ ‘നെറ്റ് റീജിയൻ സ്റ്റെബിലൈസർ’ ആണെന്ന് തെളിയിച്ചതായും മുനീർ തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള 2019ലെ ബാലകോട്ട് ആക്രമണത്തെയും പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഓപറേഷൻ സിന്ദൂരിനെയും കുറിച്ചാണ് മുനീർ പരാമർശിച്ചത്.
പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിച്ഛേദിച്ച നിലയിൽ തുടരുന്നതിനിടെയാണ് പാക് സൈനിക മേധാവി വീണ്ടും പ്രകോപനപരമായ പ്രസംഗവുമായി രംഗത്തുവന്നത്. അതിർത്തികടന്നുള്ള ഭീകരതയെ ശക്തമായി നേരിടുമെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ഇന്ത്യ അന്താരാഷ്ട്ര വേദിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

