നോ പാർക്കിങ്ങിൽ കാർ നിർത്തിയത് മാത്രം ഒാർമ്മയുണ്ട്-Video
text_fieldsബെയ്ജിങ്ങ്: നിയമലംഘനം എല്ലാ നാട്ടിലും ജനങ്ങൾ കുത്തകാവകാശം പോലെ തുടരുന്ന ഒന്നാണ്. ഹോൺ നിരോധിച്ചിടത്ത് ഹോൺ മുഴക്കാനും, വേഗത കുറക്കേണ്ടിടത്ത് കൂട്ടുന്നതും അശ്രദ്ധ കൊണ്ടെങ്കിലും പലരും പിന്തുടരുന്ന നിസാര കാര്യങ്ങളാണ്. എന്നാൽ നിയമം ലംഘിക്കുന്നവർക്ക് അപ്പോൾ തന്നെ തക്ക ശിക്ഷ കിട്ടിയാലോ? ഒരു പരിധിവരെ ഇത്തരം നിയമ ലംഘനങ്ങൾക്ക് തടയിടാൻ പറ്റിയേക്കാം. അത്തരത്തിലൊരു സംഭവമാണ് ചൈനയിലെ ഹുബേയ് പ്രവിശ്യയിലുണ്ടായത്.
സിഷൂവിലെ ബസ് സ്റ്റാന്‍റിന് നടുവിൽ ഒരാൾ തന്‍റെ കാർ അനധികൃതമായി നിർത്തിയിട്ട് പോകുന്നു. അൽപ്പനേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാർ കിടന്നിടം ശൂന്യം. കാർ തെരഞ്ഞു നടക്കുന്നതിനിടയിലാണ് സമീപത്തെ കെട്ടിടത്തിന് മുകളിൽ കാർ ഭദ്രമായി കിടക്കുന്നത് കണ്ടത്. ജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാവുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ തന്നെയാണ് ക്രെയിനുപയോഗിച്ച് കാർ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വെച്ചത്.
ഉടമക്ക് കാർ പിന്നീട് കിട്ടിയോ എന്നത് വ്യക്തമല്ലെങ്കിലും ചൈനയിലിത് പുതിയ സംഭവമൊന്നുമല്ല. പാർക്കിങ് ഫീസ് തരില്ലെന്ന വാശിയിൽ വാഹനം ബെൻക്സിയിലെ സുരക്ഷ ഗേറ്റിൽ നിർത്തി പോയ സ്ത്രീയുടെ കാറും ഇത്തരത്തിൽ ക്രെയിനുപയോഗിച്ച് മറ്റൊരു കെട്ടിടത്തിന് മുകളിലെത്തിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയാണ് ചൈനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
