കേരളത്തിന്​ എന്തുസഹായം നൽകാനും തയാർ - ഇംറാൻ ഖാൻ

09:51 AM
24/08/2018

ന്യൂഡൽഹി: ദുരന്തങ്ങളെ അതിജീവിക്കാൻ വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ രാജ്യം വൻ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിരിക്കെ പ്രളയ ക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ സന്നദ്ധമാണെന്ന്​ പാകിസ്​താനും. പുതിയ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനാണ്​ സഹായ സന്നദ്ധത അറിയിച്ചത്​. 

പ്രളയ ദുരിതമനുഭവിക്കുന്ന കേരളീയർക്ക്​ വേണ്ടി പാകിസ്​താനിലെ ജനങ്ങൾ പ്രാർഥനകളും ആശംസകളും അറിയിക്കുന്നു. ആവശ്യമുള്ള എന്ത്​ സഹായം നൽകാനും ഞങ്ങൾ തയാറാണ്​ - ഇംറാൻ ഖാൻ ട്വീറ്റ്​ ചെയ്​തു.

കേരളത്തിലെ പ്രളയത്തിൽ 237​ പേരാണ്​ കൊല്ലപ്പെട്ടത്​. 20,000 കോടിയുടെ നാശനഷ്​ടങ്ങളുണ്ടായെന്നാണ്​ പ്രാഥമിക നിഗമനം. 2000 കോടി അടിയന്തര സഹായം നൽകണമെന്ന്​ കേരളം ആവശ്യപ്പെട്ടിട്ടും 600 കോടി മാത്രമാണ്​ കേന്ദ്രം അനുവദിച്ചത്​. അതിനിടെ വിവിധ രാജ്യങ്ങൾ കേരളത്തിന്​ സഹായ വാഗ്​ദാനം നൽകിയിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കില്ലെന്ന നിലപാടിലാണ്​ കേന്ദ്രം. യു.എ.ഇ നൽകാമെന്നു പറഞ്ഞ 700 കോടി സ്വീകരിക്കേണ്ടെന്നും കേന്ദ്രം തീരുമാനിച്ചിരുന്നു. അതിനിടെയാണ്​ പാകിസ്​താനും സഹായ വാഗ്​ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്​. 

നേരത്തെ ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക്​ തയാറാണെന്ന്​ പുതിയ പ്രധാനമന്ത്രി ഇംറാൻ ഖാൻ അറിയിച്ചിരുന്നു. സമാധാന ചർച്ചക്ക്​ വേണ്ടി ഇന്ത്യ ഒരു ചുവട്​ വെച്ചാൽ പാകിസ്​താൻ രണ്ടു ചുവട്​ മുന്നോട്ടുവെക്കുമെന്ന്​ ഇംറാൻ ഖാൻ പറഞ്ഞിരുന്നു. 


 

Loading...
COMMENTS