
ഫോട്ടോഷൂട്ടിനിടെ ജീവനും കൊണ്ടോടുന്ന വധു; ബെയ്‌റൂത്ത് സ്‌ഫോടനത്തിന്റെ ഭീകരത തെളിയിക്കുന്ന ദൃശ്യങ്ങള്‍
text_fieldsബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ വന്‍ സ്‌ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. 78 പേര്‍ മരിക്കുകയും 4000ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം ബെയ്‌റൂത്ത് തുറമുഖത്തിന് സമീപമായിരുന്നു. സ്‌ഫോടനത്തിന്റെയും തുടര്‍ന്ന് വെളുത്ത പുക നഗരത്തെയാകമാനം മൂടുന്നതിന്റെയും ദൃശ്യങ്ങളാണ് ബെയ്‌റൂത്തില്‍ നിന്നെന്ന പേരില്‍ ആദ്യം പുറത്തുവന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നഗരവാസികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്, വ്യത്യസ്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ സ്‌ഫോടനത്തിന്റേതെന്ന പേരിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
വിവാഹ ഫോട്ടോഷൂട്ടിനിടെ സ്‌ഫോടന ശബ്ദം കേട്ട് വധു ഓടുന്ന ദൃശ്യമാണ് വൈറല്‍ വീഡിയോയില്‍ ഒന്ന്. തൂവെള്ള നിറത്തില്‍ നീണ്ട ഗൗണ്‍ അണിഞ്ഞ് ക്യാമറക്ക് പോസ് ചെയ്യവെ പെട്ടെന്ന് സ്‌ഫോടനം ശബ്ദം കേള്‍ക്കുകയും തെരുവുകളില്‍ വെളുത്ത പുക നിറയുന്നതും വധുവും സെറ്റിലെ മറ്റു ആളുകളും ഓടുന്നതും ബെയ്‌റൂത്തില്‍ നിന്നെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയിലുണ്ട്.
