ഇറാഖിലും സിറിയയിലും യു.എസ് ആക്രമണം
text_fieldsബഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും അഞ്ചു കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം. ഇറാൻ അനുകൂല ശിയ മിലീഷ്യകളായ കതാഇബ് ഹിസ്ബുല്ലയുടെ താവളങ്ങളിലാണ് ആക്രമണം. ഇറാഖിലെ യു.എസ് സൈനിക താവളത്തിനുനേരെ രണ്ടു ദിവസം മുമ്പുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് ഞായറാഴ്ച ആക്രമണമെന്ന് യു.എസ് അവകാശപ്പെട്ടു. സംഭവത്തിൽ ഇറാഖിൽ മാത്രം 25 പേർ മരിക്കുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ഇറാഖിലെ അൽഖയ്യിമിലുള്ള കതാഇബ് ആസ്ഥാനത്തെ ആക്രമണത്തിൽ നാലു മിലീഷ്യ കമാൻഡർമാർ കൊല്ലപ്പെട്ടു. ഇറാഖിൽ മൂന്നും സിറിയയിൽ രണ്ടും കേന്ദ്രങ്ങളിലാണ് എഫ്- 15 ഈഗ്ൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണമുണ്ടായത്.
എണ്ണ സമ്പന്നമായ കിർകുകിലാണ് വെള്ളിയാഴ്ച യു.എസ് സഖ്യസേന താവളം ആക്രമിക്കപ്പെട്ടിരുന്നത്. ഒരു യു.എസ് കരാറുകാരനും രണ്ട് ഇറാഖികളും കൊല്ലപ്പെട്ട സംഭവത്തിൽ നാല് യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
യു.എസ് ആക്രമണം ഇറാഖിെൻറ പരാമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പുറത്തുപോകുന്ന പ്രധാനമന്ത്രി അബ്ദുൽ ഹാദി മഹ്ദി കുറ്റപ്പെടുത്തി. എന്നാൽ, സംഘടനക്ക് ഇനിയും യു.എസ് താവളങ്ങളിൽ ആക്രമണത്തിനു ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ അവകാശപ്പെട്ടു.
മറ്റൊരു രാജ്യത്ത് വ്യോമാക്രമണം നടത്തുക വഴി തീവ്രവാദത്തിന് യു.എസ് പിന്തുണ നൽകുകയായിരുെന്നന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാനിലെ ഖുദ്സ് സേന വിഭാഗവുമായി ബന്ധമുള്ളവരാണ് കതാഇബ് ഹിസ്ബുല്ല മിലീഷ്യയെന്നാണ് ആരോപണം.