റോഹിങ്ക്യൻ പുനരധിവാസം യു.എൻ പങ്കാളിത്തത്തോടെ
text_fieldsധാക്ക: ബംഗ്ലാദേശിലെ അതിർത്തിപ്രദേശങ്ങളിലുള്ള റോഹിങ്ക്യൻ അഭയാർഥികളെ നേരേത്ത ഒപ്പുവെച്ച കരാർപ്രകാരം മ്യാന്മറിൽ തിരികെയെത്തിക്കുന്ന ദൗത്യത്തിൽ യു.എൻ പങ്കാളിയാകുമെന്ന് ബംഗ്ലാദേശ്.
ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ കോക്സ് ബസാറിൽ കഴിയുന്നവരെ അവരുടെ ഇംഗിതത്തിനെതിരായി തിരികെ അയക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് നടപടി. യു.എൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുനരധിവാസ അപേക്ഷഫോറം പൂരിപ്പിച്ചുനൽകിയവരെ മാത്രമാകും തിരിച്ചയക്കുക.
ബംഗ്ലാദേശിൽ കഴിയുന്ന അഭയാർഥികളിൽ ഭൂരിപക്ഷവും മാതൃരാജ്യത്തേക്ക് തിരിച്ചുപോകാൻ വിസമ്മതിക്കുന്നവരാണ്. ഇത് ബംഗ്ലാദേശ് അധികൃതരെ കുഴക്കുന്നുണ്ട്. തിരിച്ചയക്കാനുള്ള നടപടിക്ക് തുടക്കമായിട്ടും മ്യാന്മറിൽനിന്ന് പീഡനം ഭയന്ന് ബംഗ്ലാദേശിലേക്ക് ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് നിലവിൽ അഭയാർഥികളായുള്ളത്.
