ജപ്പാനിൽ ചുഴലിക്കാറ്റ്; മരണം 33 ആയി
text_fieldsടോക്യോ: ജപ്പാനിൽ ആറു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ ഹഗിബിസ് ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയിറക്കി. 27,000 സൈനികരാണ് ദുരിത മേഖലയിലുള്ളത്. ബോട്ടുകളിലും ഹെലികോപ്ടറിലുമായാണ് ആളുകളെ രക്ഷപ്പെടുത്തുന്നത്. ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 33 ആയി. 17 പേരെ കാണാതായിട്ടുണ്ട്.
അതിനിടെ, ദുരന്തമുഖത്തുനിന്ന് ഹെലികോപ്ടർ വഴി രക്ഷപ്പെടുത്താൻ ശ്രമിച്ച 70കാരിയും മരിച്ചു. ഹെലികോപ്ടറിൽ നിന്ന് താഴേക്കുവീണാണ് ഇവരുടെ ദാരുണമരണം. ഇവരെ രക്ഷപ്പെടുത്താൻ സാധിക്കാത്തതിൽ ദുരന്തനിവാരണ സേന മാപ്പുപറഞ്ഞു.തലസ്ഥാനമായ ടോക്യോയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. പകുതിയിലേറെ വീടുകളിലും വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടു.
ഹൊൻഷു ദ്വീപിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറിൽ 216 കി.മി വേഗതയിലാണ് കാറ്റ് വീശുന്നത്. ടോക്യോയിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. പ്രകൃതിദുരന്തം ബാധിച്ച കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഷിൻസോ അബെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ അബെയുടെ നേതൃത്വത്തിൽ അടിയന്തരമന്ത്രിസഭ യോഗവും ചേർന്നു.