You are here
കൊടുംപട്ടിണിയിൽ വലഞ്ഞ് റോഹിങ്ക്യകൾ
80,500 കുട്ടികളടക്കം 2,25,000 പേർ അടിയന്തര സഹായം തേടുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം
നയ്പിഡാവ്: കഴിഞ്ഞ ഒക്ടോബറിൽ പശ്ചിമ മ്യാന്‍മറിലുണ്ടായ സൈനികനടപടിയെ അതിജീവിച്ചവർ കൊടുംപട്ടിണിയിലാണെന്ന് െഎക്യരാഷ്ട്ര സഭ റിപ്പോർട്ട്. രണ്ടു ജില്ലകളിലായി നടത്തിയ കണക്കെടുപ്പിലാണ് നടുക്കുന്ന വസ്തുതകൾ പുറത്തുവന്നിരിക്കുന്നത്. 80,500 കുട്ടികളടക്കം 2,25,000 പേർ അടിയന്തര സഹായം തേടുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോങ്ഡോ ജില്ലയിൽ മാത്രം മൂന്നിൽരണ്ട് വീടുകളും വിശപ്പടക്കാൻ കഴിയാത്തവരാണ്.
ഭക്ഷ്യലഭ്യതയിലെ കുറവ് 2016ൽ 43 ശതമാനമായിരുന്നത് ഇൗ വർഷം ഏപ്രിലിൽ 62 ശതമാനമായി ഉയർന്നു. ഇവിടെ നാലിലൊന്ന് വീടുകളിൽ പുരുഷന്മാരില്ല. ഒക്ടോബറിൽ അതിർത്തിസേനക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ നടന്ന സൈനികനടപടിയിൽ പുരുഷന്മാർ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു. ശേഷിക്കുന്ന സ്ത്രീകളും കുട്ടികളും ദുരിതത്തിലാണ്.
റോഹിങ്ക്യകൾ അനുഭവിക്കുന്ന ദുരിതം നേരേത്തയും െഎക്യരാഷ്ട്ര സഭ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും, റോഹിങ്ക്യകൾ നേരിട്ട പീഡനങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ എത്തുന്ന യു.എൻ സംഘത്തിന് പ്രവേശനം നിഷേധിക്കുമെന്ന് നൊബേൽ സമ്മാന ജേതാവ് ഒാങ്സാൻ സൂചി നേതൃത്വം നൽകുന്ന മ്യാന്മർ സർക്കാർ കഴിഞ്ഞ മാസവും പ്രഖ്യാപിക്കുകയുണ്ടായി.