അങ്കാറ: തുർക്കിയിൽ കഴിഞ്ഞവർഷം ജൂലൈയിലുണ്ടായ അട്ടിമറിശ്രമത്തിൽ പങ്ക് ആരോപിച്ച് വ്യാപക ഭരണകൂടവേട്ട തുടരുന്നതിനിടെ ഞായറാഴ്ച സർക്കാറിനെതിരെ പതിനായിരങ്ങൾ തെരുവിലിറങ്ങി. പ്രധാന പ്രതിപക്ഷമായ സി.എച്ച്.പിയാണ് തലസ്ഥാനമായ അങ്കാറ മുതൽ ഇസ്തംബൂൾ വരെ 450 കിലോമീറ്റർ നീണ്ട ‘ജസ്റ്റിസ് മാർച്ച്’ സംഘടിപ്പിച്ചത്. ഇസ്തംബൂളിൽ മാത്രം റാലിക്ക് സുരക്ഷയൊരുക്കുന്നതിന് 15,000 െപാലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
പരാജയപ്പെട്ട അട്ടിമറിശ്രമത്തിൽ പങ്ക് ആരോപിച്ച് നടന്ന സർക്കാർ നടപടിയിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥരും അക്കാദമിക്കുകളും മാധ്യമപ്രവർത്തകരുമടക്കം ആയിരങ്ങൾ തടവിലാവുകയോ ഒൗദ്യോഗിക പദവിയിൽനിന്ന് പുറത്താക്കപ്പെടുകയോ ഉണ്ടായി. യു.എസിൽ പ്രവാസജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ളവരെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അട്ടിമറിശ്രമത്തിെൻറ ഒന്നാം വാർഷികത്തിന് ഒരാഴ്ചമാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷറാലി.