ട്രംപ് പദ്ധതി; പൊലിയുന്നത് ലബനാനിലെ ഫലസ്തീൻ അഭയാർഥി സ്വപ്നങ്ങളും
text_fieldsബൈറൂത്ത്: അബൂ ഖാലിദ് ഒരിക്കലും തെൻറ സ്വദേശമായ ‘ജാ ഫ’ കണ്ടിട്ടില്ല. 1948ലെ അറബ്-ഇസ്രായേൽ യുദ്ധത്തെ തുടർന്ന് ഇവിടം ഇസ്രായേലിെൻറ അധീനതയിലായതോടെ 120,000 പേർക്കാണ് ജാഫയെന്ന തുറമുഖ നഗരം വിടേണ്ടിവന്നത്. അവർ പിന്നീട് ബൈറൂത്തിലെത്തി, അവിടെ താമസമാക്കി. ശാത്തില ഫലസ്തീൻ അഭയാർഥി ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെയാണ് 1959ൽ അബൂ ഖാലിദ് ജനിക്കുന്നത്. തെൻറ പൂർവികരുടെ ദേശം കാണാനായെങ്കിൽ, സന്തോഷത്തോടെ മരിക്കാമെന്ന് ഇദ്ദേഹം ‘അൽ ജസീറ’ ലേഖകനോട് പറഞ്ഞു. പക്ഷേ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ‘സമൃദ്ധിയിലേക്ക് സമാധാനം’ എന്ന പേരുള്ള ഇസ്രായേൽ-ഫലസ്തീൻ സമാധാന പദ്ധതി വന്നതോടെ, അബൂ ഖാലിദിെൻറ സ്വപ്നം യാഥാർഥ്യമാകാനിടയില്ല.
‘നൂറ്റാണ്ടിെൻറ കരാർ’ എന്ന് ചില മാധ്യമങ്ങൾ വാഴ്ത്തിയ ട്രംപ് പദ്ധതിയിൽ, ഇപ്പോൾ കൈവശമുള്ള പ്രദേശങ്ങളും അധിനിവേശ െവസ്റ്റ് ബാങ്കും ഔദ്യോഗികമായി ഇസ്രായേലിെൻറ ഭാഗമാകും. ജോർഡൻ താഴ്വരയും അനധികൃത കുടിയേറ്റ പ്രദേശങ്ങളും ഇതിൽപെടും. അധിനിവേശം നടത്തിയ ഗോലൻ കുന്നുകളും ഇസ്രായേലിനോട് ചേർക്കും. ഫലസ്തീനാകട്ടെ കരയിൽ ചിതറിത്തെറിച്ച ദ്വീപുകൾ പോലാകും. ഇതിനെ ബന്ധിപ്പിക്കുന്ന റോഡുകളും ടണലുകളും നിർമിക്കും. അതായത്, ഓരോ പ്രദേശവും ഇസ്രായേലിനാൽ ചുറ്റപ്പെട്ടു കിടക്കും. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗസ്സ മേഖല മാത്രമാകും ഇതിന് അപവാദം. ട്രംപ് പദ്ധതിയിലുള്ള ഫലസ്തീനിൽ ജാഫ ഇല്ല.
ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തുറമുഖ നഗരങ്ങളിലൊന്നാണിത്. 15 ശതമാനത്തോളം ഫലസ്തീൻ അഭയാർഥികളുടെയും വേരുകൾ ഇവിടെയാണ്. പുതിയ നീക്കമനുസരിച്ച്, ഇവിടേക്ക് മടങ്ങാൻ ഫലസ്തീനികൾക്ക് അധികാരമുണ്ടാകില്ല. പകരം അബൂ ഖാലിദിനെപ്പോലുള്ളവർ ലബനാനിൽ തുടരുകയോ പുതിയ ഫലസ്തീനിലേക്ക് പോവുകയോ ‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷ’െൻറ ഭാഗമായ രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിലേക്ക് പറിച്ചു നടുകയോ ചെയ്യും. അപമാനകരമാണ് ഈ പദ്ധതിയെന്ന് അബൂ ഖാലിദ് പറഞ്ഞു. ട്രംപ് പദ്ധതിക്കെതിരെ ലബനാനിലെ ഫലസ്തീൻ ക്യാമ്പുകൾ ശനിയാഴ്ച പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാർ യു.എസിെൻറയും ഇസ്രായേലിെൻറയും പതാകകൾ കത്തിച്ചു. യു.എസ്-ഇസ്രായേൽ ഗൂഢാലോചന വിജയിക്കാൻ പോകുന്നില്ലെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) പ്രാദേശിക സെക്രട്ടറി ജനറൽ മഹർ ശബൈത പറഞ്ഞു.
ഒരു കാലത്ത് ലബനാനിൽ അഞ്ചു ലക്ഷത്തോളം ഫലസ്തീൻ അഭയാർഥികൾ ഉണ്ടായിരുന്നു. 2018ലെ സർവേ പ്രകാരം ഇത് 175,000 ആയി ചുരുങ്ങി. ഫലസ്തീൻ അഭയാർഥികൾക്ക് പലവിധ നിയന്ത്രണങ്ങളാണ് ലബനാനിൽ. ജോലിയുടെ തെരഞ്ഞെടുപ്പ് മുതൽ താമസം വരെയുള്ള കാര്യങ്ങളിൽ വിവേചനമുണ്ട്. പലരും ജനിച്ചു വളർന്നത് ലബനാനിലാണെങ്കിലും ഔദ്യോഗികമായി ഇവരെ കുറച്ചുകാലത്തേക്ക് എത്തിയ അതിഥികളായാണ് കാണുന്നത്. അതിനാൽ പൗരത്വമില്ലാത്തവർ നിരവധി. ഫലസ്തീനിയാണെന്ന് ‘സി.വി’യിൽ രേഖപ്പെടുത്തിയാൽ ജോലി കിട്ടാത്ത അവസ്ഥയാണ്.
ലബനാൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അഭയാർഥികളുടെ ജീവിതം ദുരിതപൂർണമാക്കി. ‘‘ലബനാൻ അവരുടെ പൗരന്മാരോട് കരുണ കാണിക്കുന്നില്ല. പിന്നെങ്ങനെ ഞങ്ങളത് പ്രതീക്ഷിക്കു’’മെന്നാണ് അബൂ ഹസൻ ചോദിക്കുന്നത്. സുന്നി, ഷിയ, ക്രിസ്ത്യൻ പ്രാതിനിധ്യം ഏതാണ്ട് ഒരുപോലുള്ള രാജ്യമായ ലബനാനിൽ, സുന്നി മുസ്ലിംകൾ കൂടുതലുള്ള ഫലസ്തീൻ സമൂഹത്തെ ഉൾപ്പെടുത്തുന്നതിൽ പലർക്കും ഭയമുണ്ട്. അതിനാൽ, ലബനാനിലെ സാമ്പത്തിക, രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഫലസ്തീൻ സമൂഹത്തെ ചേർക്കാനായി മാറിവന്ന സർക്കാറുകൾ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇതുമൂലം തലമുറകളായി ഫലസ്തീനികൾ ശുചിത്വത്തിലും സൗകര്യത്തിലും പിറകിലായ, ദുരിതം നിറഞ്ഞ ക്യാമ്പുകളിൽ തുടരേണ്ടിവരുന്നു. ഇതിന് എന്നെങ്കിലും അവസാനമുണ്ടാകുമെന്ന പ്രതീക്ഷക്ക് മേൽ കരിനിഴലാവുകയാണ് ട്രംപ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
