ധാക്ക: അഭയാർഥികൾക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ബംഗ്ലാദേശിൽ റോഹിങ്ക്യൻ വംശജരായ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. സ്വകാര്യ ദുരിതാശ്വാസപ്രവർത്തകർ നടത്തിയ വസ്ത്ര വിതരണത്തിനിടെയാണ് അപകടമുണ്ടായത്. അതിനിടെ ബംഗ്ലാദേശിലെ വനാതിർത്തിയിൽ രണ്ട് റോഹിങ്ക്യകൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഭയാർഥികൾ പ്രധാനമായും കഴിയുന്ന കോക്സ് ബസാർ ജില്ലയിലാണ് സംഭവം. താൽക്കാലികമായി തയാറാക്കിയ തമ്പിൽ ഉറങ്ങുകയായിരുന്ന വയോധികരായ രണ്ട്പേരാണ് കാട്ടാന ആക്രമണത്തിനിരയായത്.
മ്യാന്മറിൽ നിന്നെത്തുന്ന റോഹിങ്ക്യകൾ ബംഗ്ലാദേശിലെ വനാതിർത്തിപ്രദേശങ്ങളിലെ റോഡരികുകളിലാണ് പ്രധാനമായും കഴിയുന്നത്. ഭക്ഷണവും വസ്ത്രവുമായെത്തുന്ന സന്നദ്ധസംഘടനകളുടെ സഹായം ലഭിക്കാനാണ് റോഡരികുകളിൽ കഴിയുന്നത്. മ്യാന്മർ-ബംഗ്ലാദേശ് അതിർത്തിയിൽ കനത്ത മഴ തുടരുന്നതും അഭയാർഥികളുടെ പുനരധിവാസം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
നിരവധിപേർ ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ദുരിതത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിെലത്തിയ മൂന്നര ലക്ഷത്തോളം റോഹിങ്ക്യകൾക്കാണ് അടിയന്തരസഹായം ആവശ്യമുള്ളത്. ആഗസ്റ്റ് അവസാനത്തോടെ മ്യാന്മർ സൈന്യം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ രാഖൈനിൽ അതിക്രമങ്ങൾ ആരംഭിച്ചതോടെയാണ് അഭയാർഥിപ്രവാഹം ശക്തിപ്പെട്ടത്.