താലിബാൻ-യു.എസ് കരാർ കരട് അഫ്ഗാൻ സർക്കാറിന് മുന്നിൽ
text_fieldsകാബൂൾ: അമേരിക്കൻ സേനയെ അഫ്ഗാനിൽനിന്ന് പിൻവലിക്കുന്നതിന് താലിബാനുമായി ഉണ്ടാക്കുന്ന കരാറിെൻറ കരട് രേഖ യു.എസ് ദൂതൻ അഫ്ഗാൻ സർക്കാറിന് കൈമാറി. ദോഹയിൽ താലിബാനുമായി നടത്തിയ ഒമ്പതാംവട്ട ചർച്ചകൾക്കു ശേഷം ഞായറാഴ്ച കാബൂളിലെത്തിയ യു.എസ് ദൂതൻ സൽമി ഖലീൽസാദ് അഫ്ഗാനിസ്താൻ പ്രസിഡൻറ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന്, തിങ്കളാഴ്ച അഫ്ഗാൻ ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ല ഉൾപ്പെടെയുള്ള നേതാക്കളുമായി നടത്തിയ ചർച്ചകൾക്കു ശേഷം വീണ്ടും അഷ്റഫ് ഗനിയുമായി ചർച്ച നടത്തി.
ചർച്ചയിൽ താലിബാനുമായുള്ള കരാറിെൻറ സുപ്രധാന വിവരങ്ങൾ അദ്ദേഹം കൈമാറിയതായി പ്രസിഡൻറിെൻറ വക്താവ് സിദ്ദീഖ് സിദ്ദീഖി പറഞ്ഞു. കരാറിെൻറ കരട് പരിശോധിച്ച ശേഷം യു.എസ് സംഘവുമായുള്ള ചർച്ച തുടരുമെന്ന് പ്രസിഡൻറിെൻ ഉപദേശകൻ വഹീദ് ഉമർ അറിയിച്ചു. 18 വർഷമായി അഫ്ഗാനിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക താലിബാനുമായി നേരിട്ട് നടത്തിയ ചർച്ചയിൽനിന്ന് അഫ്ഗാൻ സർക്കാറിനെ മാറ്റി നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഗനിയുമായുള്ള യു.എസ് ദൂതെൻറ കൂടിക്കാഴ്ചക്ക് പ്രാധാന്യമുണ്ട്.
താലിബാനും യു.എസും തമ്മിലുള്ള കരാർ വാതിൽപ്പടിയിലാണെന്ന് സൽമി പറഞ്ഞു. കരാർ ചർച്ച അവസാന ഘട്ടത്തിലാണെന്ന് ദോഹയിലെ താലിബാൻ വക്താവ് സുഹൈൽ ശഹീൻ അറിയിച്ചു.
കരാറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള ചർച്ചയിലാണ് ഇരുപക്ഷവും. അധിനിവേശം അവസാനിപ്പിച്ച് രാജ്യം സമാധാനപൂർണമായ പരിഹാരത്തിലെത്തുന്നതിെൻറ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽനിന്ന് അമേരിക്കൻ സേനയെ പിൻവലിക്കുന്നതിൽ കേന്ദ്രീകരിച്ചാണ് കരാർ ചർച്ച മുന്നേറുന്നത്. സേന പിൻവാങ്ങുന്നതിന് പുറമെ, മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിനുള്ള താവളമായി അഫ്ഗാനെ ഉപയോഗിക്കരുതെന്നുമാണ് താലിബാെൻറ ആവശ്യം. സേന പിൻവാങ്ങുന്നതിന് പകരമായി സുരക്ഷ സംബന്ധിച്ച് വിവിധ ഉറപ്പുകൾ താലിബാനിൽ നിന്ന് യു.എസ് തേടിയിട്ടുണ്ട്.
സമാധാന ചർച്ചകൾ നടക്കുേമ്പാഴും അഫ്ഗാനിൽ അക്രമങ്ങൾ അരങ്ങേറുകയാണ്. ശനിയാഴ്ച വടക്കൻ മേഖലയിലെ കുന്ദുസ് നഗരം പിടിച്ചടക്കാൻ ശ്രമിച്ച താലിബാൻ, ഞായറാഴ്ച ബഗ്ലൻ പ്രവിശ്യ തലസ്ഥാനമായ പുലെ ഖുംരിയിൽ ആക്രമണം നടത്തിയിരുന്നു. താലിബാൻ പോരാളികളെ തുരത്തിയതായി അഫ്ഗാൻ അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
തങ്ങളെ അമേരിക്കയുടെ പാവയെന്ന് വിശേഷിപ്പിച്ച താലിബാനുമായി ചർച്ചക്കില്ലെന്നാണ് അഫ്ഗാൻ സർക്കാർ നേരത്തേയെടുത്ത നിലപാട്. പുതിയ സാഹചര്യത്തിൽ യു.എസുമായി കരാറിലേർപ്പെടുന്നതോടെ താലിബാൻ-അഫ്ഗാൻ സർക്കാർ ചർച്ചകൾക്ക് തുടക്കമാവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കരാർ അംഗീകരിച്ചാൽ സൈന്യത്തെ പിൻവലിക്കും –ദൂതൻ
കാബൂൾ: കരാർ അംഗീകരിക്കാൻ താലിബാൻ തയാറാവുകയാണെങ്കിൽ നിബന്ധനകൾക്ക് വിധേയമായി അഫ്ഗാനിലെ അഞ്ച് താവളങ്ങളിൽനിന്ന് സേനയെ പിൻവലിക്കാൻ തങ്ങൾ തയാറെന്ന് യു.എസ് ദൂതൻ. നാലര മാസത്തിനകം സൈന്യത്തെ പിൻവലിക്കുമെന്ന് യു.എസ് ദൂതൻ സൽമി ഖലീൽസാദ് ടോളോ ന്യൂസിനോട് പറഞ്ഞു.