സുഡാനിൽ അധികാരക്കൈമാറ്റത്തിന് സന്നദ്ധതയുമായി സൈന്യം
text_fieldsഖർത്തൂം: സുഡാനിൽ അധികാരം ജനങ്ങൾക്ക് കൈമാറാൻ സന്നദ്ധത അറിയിച്ച് സൈന്യം. പ്രസിഡൻ റ് ഉമർ അൽബശീറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ ജനകീയ പ്ര തിഷേധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. സുതാര്യമായ അധികാരക്കൈമാറ്റം ഉറപ്പാക്കാൻ ദൂതനെ അയക്കാൻ തയാറാണെന്ന് യു.എസ് അറിയിച്ചു. ഏപ്രിൽ 11നാണ് ഉമർ അൽ ബശീറിനെ പുറത്താക്കി സൈനിക കൗൺസിൽ അധികാരം പിടിച്ചെടുത്തത്.
ജനകീയ സർക്കാർ നിലവിൽ വരുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് സുഡാനീസ് പ്രഫഷനൽ അസോസിയേഷെൻറ പക്ഷം. സമൂഹ മാധ്യമങ്ങളും സമരമാർഗമായി ഉപയോഗിക്കുന്നുണ്ട്. സൈനിക കൗൺസിലിനെ പ്രതിനിധാനംചെയ്ത് ജന. അബ്ദുൽ ഫത്താഹ് അൽ ബുർഹാനാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. അവശ്യ ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 19മുതലാണ് സുഡാനിൽ പ്രസിഡൻറിെൻറ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയത്.
പ്രസിഡൻറിനെ പുറത്താക്കിയശേഷം സൈനിക കൗൺസിൽ മേധാവി ജന.അവാദ് ബിൻ ഔഫ് ആണ് അധികാരമേറ്റത്. എന്നാൽ, പ്രതിഷേധം ആളിപ്പടർന്നതോടെ 24 മണിക്കൂറിനകം അദ്ദേഹം രാജിവെക്കുകയായിരുന്നു.
പുതിയ നേതൃത്വം മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച നിരോധനാജ്ഞ റദ്ദാക്കാനും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനും തീരുമാനിച്ചു. ഈ തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു.