കോവിഡ്-19: മതനേതാവിനെതിരെ നടപടിക്ക് ദക്ഷിണ കൊറിയ
text_fieldsസോൾ: ചൈനക്കു ശേഷം കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയയിൽ വൈറസ് എത്തിച്ചെന്ന് കരുതുന്ന പ്രത്യേക മത വിഭാഗത്തിെൻറ നേതാവിനെതിരെ നടപടി വരുന്നു.
ഷിഞ്ചിയോഞ്ചി ചർച്ച് സ്ഥാപകൻ ലീ മാൻ ഹിക്കും സഹായികളായ 11 പേർക്കുമെതിരെ കേസ് എടുക്കാൻ പ്രാദേശിക ഭരണകൂടം പ്രോസിക്യൂഷന് നിർദേശം നൽകി. രോഗം ബാധിച്ചവരുടെ വിവരങ്ങൾ മറച്ചുവെച്ചത് രാജ്യത്ത് കൂടതൽ പേരിലേക്ക് പടരാനിടയാക്കിയെന്നാണ് ഇവർക്കെതിരായ കുറ്റം. ചർച്ചിൽ അംഗങ്ങളായ 2,30,000 പേരെ ഇതുവരെയായി പരിശോധന നടത്തിയിട്ടുണ്ട്.
ഇവരിൽ 9000ത്തോളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യ അധികൃതർ പറയുന്നു. 61കാരിയായ വനിതക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലാക്കാൻ വിസമ്മതിച്ചതും പിന്നീട് പലവട്ടം വിവിധ ചർച്ചുകളിലെ പരിപാടികളിൽ പങ്കെടുത്തതുമാണ് എളുപ്പം രോഗം പടർത്തിയതെന്ന് കരുതുന്നു.